Headlines

ഗൂഗിളിൽ മിന്നി ബിജെപി; തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങൾ നൽകാൻ ഗൂഗിളിന് മാത്രം നൽകിയത് 39 കോടി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങൾ നൽകാൻ ഗൂഗിളിന് മാത്രം ബി.ജെ.പി നൽകിയത് 39 കോടി രൂപ. കണക്കുകൾ പ്രകാരം ജനുവരി 1 മുതൽ ഏപ്രിൽ 11 വരെ ഗൂഗിൾ വഴി 80,667 രാഷ്ട്രീയ പരസ്യങ്ങളാണ് ബി.ജെ.പി നൽകിയത്. ഇതിനായി 39,41,78,750 കോടി രൂപയാണ് ഗൂഗിളിന് നൽകിയത്. ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയിൽ നൽകിയ പരസ്യത്തിന് മെറ്റക്ക് നൽകിയ കണക്കുകൾ കൂടി പുറത്തുവരുമ്പോൾ ഓൺലൈൻ പ്രചാരണത്തിന് നൽകിയ തുക ഇരട്ടിയാകും

ഉത്തർപ്രദേശ്, ഒഡീഷ, ബീഹാർ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ബി.ജെ.പി ഏറ്റവും കൂടുതൽ പരസ്യങ്ങൾ നൽകിയത്. ബി.ജെ.പി ലക്ഷ്യം വെക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളിതാണെന്നാണ് പരസ്യക്കണക്കുകൾ പറയുന്നത്. 2024-ന്റെ തുടക്കത്തിൽ തന്നെ ഓരോ സംസ്ഥാനത്തിനുമായി ബിജെപി രണ്ട് കോടിയിലേറെ രൂപ ചെലവഴിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.ഉത്തർപ്രദേശിൽ പരസ്യം നൽകാനായി നൂറ് ദിവസത്തിനുള്ളിൽ 3.38 കോടി രൂപയാണ് ബി.ജെ.പി ചെലവഴിച്ചത്. എന്നാൽ ലക്ഷദ്വീപിനാണ് ഏറ്റവും കുറച്ച് ചെലവഴിച്ചിരിക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്. 5000 രൂപയാണ് ദ്വീപിന് നൽകിയിരിക്കുന്നത്.

ചെലവഴിച്ച 39.4 കോടി രൂപയുടെ 75 ശതമാനവും അതായത് ₹29.8 കോടി രൂപ ഗൂഗിളിൽ വിഡിയോ പരസ്യങ്ങൾക്ക് മാത്രമായാണ് ചെലവഴിച്ചത്. ഏകദേശം ₹9.58 കോടിരൂപ ചിത്ര പരസ്യങ്ങൾക്ക് നൽകി.ഗൂഗിളിൽ പ്രത്യക്ഷപ്പെട്ട മിക്ക പരസ്യങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾക്കൊപ്പം ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി പ്രാദേശിക ഭാഷകളിൽ തയാറാക്കിയ ഹ്രസ്വ സന്ദേശങ്ങളുമായിരുന്നു ഉണ്ടായിരുന്നത്.

അതെ സമയം ജനുവരി 1 മുതൽ ഏപ്രിൽ 11 വരെ 736 പരസ്യങ്ങൾക്കായി ഏകദേശം 8,12,97,750 രൂപയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗൂഗിളിന് നൽകിയത്. മഹാരാഷ്ട്ര, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലാണ് കോൺഗ്രസ് കൂടുതൽ പരസ്യങ്ങൾ നൽകിയത്. മഹാരാഷ്ട്രയിൽ മാത്രം 2.32 കോടി രൂപയുടെ പരസ്യമാണ് ഗൂഗിൾ വഴി കോൺഗ്രസ് നൽകിയത്. ബിജെപിയെപ്പോലെ കോൺഗ്രസും വിഡിയോ പരസ്യങ്ങളാണ് ഗൂഗിൾ വഴി കൂടുതലും നൽകിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: