കൊൽക്കത്ത: കോൺഗ്രസിനെയും സിപിഎമ്മിനെയും സഖ്യത്തിന് ക്ഷണിച്ച് ബിജെപി. പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ സമിക് ഭട്ടാചാര്യയാണ് കോൺഗ്രസിനെയും സിപിഎമ്മിനെയും സഖ്യത്തിന് ക്ഷണിച്ചത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജിയെ അധികാരത്തിൽ നിന്നും താഴെയിറക്കാൻ ഒരുമിച്ച് നിൽക്കാമെന്നായിരുന്നു സമിക് ഭട്ടാചാര്യ പ്രഖ്യാപിതച്ചത്. സിപിഎമ്മും കോൺഗ്രസും ബിജെപിയോടൊപ്പം ചേർന്ന് മഹാസഖ്യം രൂപീകരിക്കണം എന്നായിരുന്നു ബിജെപി നേതാവിന്റെ പ്രഖ്യാപനം.
ശ്യാമപ്രസാദ് മുഖർജ് ജന്മവാർഷികത്തോടൊനുബന്ധിച്ച് കൊൽക്കത്ത റെഡ് റോഡിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു സമിക് ഭട്ടാചാര്യ. ബംഗാളിലെ ഇസ്‌ലാമിക മതമൗലികവാദവും മതഭ്രാന്തും തുടച്ചുനീക്കാൻ കൂട്ടായ പ്രയത്‌നം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം, മുന്നണി രൂപീകരിക്കാനുള്ള ബിജെപിയുടെ ക്ഷണത്തെ കോൺഗ്രസും സിപിഎമ്മും തള്ളി.
ഇന്ദിരാ ഗാന്ധി എപ്പോഴാണ് ആയുധമെടുത്തതെന്ന ചോദ്യമാണ് മുതിർന്ന കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി ഉയർത്തിയത്. രാജ്യത്തിന്റെ ഭരണഘടനയെ മാറ്റി, ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാൻ ശ്രമിക്കുന്ന, രാജ്യത്തെ ഐക്യവും തുല്യതയും തുല്യാവകാശങ്ങളും നശിപ്പിക്കാൻ ശ്രമിക്കുന്ന ഇന്ത്യയിലെ വർഗീയ ശക്തികൾക്കെതിരെ എല്ലാവരും ഒന്നിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതാണ് കോൺഗ്രസ് ചെയ്യുന്നത്. എല്ലാവരും ഒരുമിക്കുകയും ബിജെപിയെ പുറത്താക്കുകയുമാണ് വേണ്ടതെന്നാണ് തങ്ങൾക്ക് പറയാനുള്ളതെന്ന് അധിർ രഞ്ജൻ ചൗധരി പറഞ്ഞു.
സിപിഎം നേതാവ് ശരദ്‌രൂപ് ഘോഷും ബിജെപി ക്ഷണത്തിനെതിരെ പ്രതികരിച്ചു. സമിക് ഭട്ടാചാര്യ വിദ്യാസമ്പന്നനും മാന്യനുമായ വ്യക്തിയാണ്. ജ്യോതിബസു ബിജെപിയെ കുറിച്ച് എന്താണ് പറഞ്ഞതെന്ന് അദ്ദേഹത്തിന് നല്ലത് പോലെ അറിയാം. ബിജെപി അപരിഷ്‌കൃതരുടെയും പ്രാകൃതരുടെയും പാർട്ടിയാണെന്നാണ് ജ്യോതിബസു പറഞ്ഞത്. അടൽ ബിഹാരി വാജ്‌പേയിയോട് ജ്യോതി ബസു പറഞ്ഞത്, നിങ്ങളുടെ പാർട്ടി അപരിഷ്‌കൃതരുടെയും പ്രാകൃതരുടെയും പാർട്ടിയാണ്, ഒരു പരിഷ്‌കൃത സമൂഹത്തിൽ നിങ്ങളുടെ പാർട്ടിക്ക് ഇടമില്ലെന്നാണ്. അത് കൊണ്ട് നിങ്ങൾക്ക് ജ്യോതി ബസുവിന്റെ പാതയിലൂടെ ബംഗാളിനെ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ, അദ്ദേഹം കാണിച്ചു തന്നെ വർഗീയത രഹിത ബംഗാളിനെ സംരക്ഷിക്കണമെന്ന് ശരദ്‌രൂപ് ഘോഷ് പറഞ്ഞു
