തിരുവനന്തപുരം: ക്രിസ്മസിന് കേക്കും ആശംസകളുമായി ബിജെപി നേതാക്കൾ ഇക്കുറിയും ക്രൈസ്തവരുടെ വീടുകളിലെത്തും. കഴിഞ്ഞ വർഷം നടത്തിയ സ്നേഹയാത്ര ഇക്കുറിയും നടത്താനാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം. ക്രൈസ്തവരെ പാർട്ടിയിലേക്ക് കൂടുതൽ അടുപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് സ്നേഹയാത്ര സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് ആശംസകൾ ക്രൈസ്തവ ഭവനങ്ങളിൽ നേരിട്ടെത്തിക്കുക എന്ന നിലയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ക്രിസ്മസ് അവധിക്കാലംമുതൽ പുതുവർഷംവരെയാണ് കഴിഞ്ഞ വർഷം സ്നേഹയാത്ര നടത്തിയത്. ഈ വർഷവും ഇതേ ദിവസങ്ങളിൽ ക്രൈസ്തവരുടെ വീടുകളിലേക്ക് ബിജെപി നേതാക്കൾ കേക്കും ആശംസകളുമായെത്തും. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ പാർട്ടിക്കുണ്ടായ വിജയത്തിന് പിന്നിൽ ക്രൈസ്തവ സഭകളുടെ പങ്ക് ബിജെപി തിരിച്ചറിയുന്നുണ്ട്. സമാനരീതിയിൽ മറ്റിടങ്ങളിലും ബന്ധവും സഹകരണവും വളർത്താനായാൽ പാർട്ടിക്ക് വലിയ മുന്നേറ്റം കേരളത്തിൽ സാധ്യമാണെന്നും നേതൃത്വം തിരിച്ചറിയുന്നുണ്ട്. ഈ ലക്ഷ്യം കൂടി മുൻനിർത്തിയാണ് സ്നേഹയാത്ര ഈ വർഷവും തുടരാനുള്ള തീരുമാനം.
ബിജെപിയുടെ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയമാണ്. ഭാരവാഹിപ്പട്ടികയിലേക്ക് ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ടവർക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്നതും ബിജെപി നേതൃത്വത്തിന്റെ പരിഗണനയിലാണ് എന്നും സൂചനകളുണ്ട്. ജനറൽ സെക്രട്ടറിയായിരുന്ന ജോർജ് കുര്യനെ കേന്ദ്രമന്ത്രിയാക്കിയതിന്റെ ഗുണം വരുംതിരഞ്ഞെടുപ്പുകളിൽ ഉണ്ടാകുമെന്ന് നേതൃത്വം വിലയിരുത്തുന്നു. എല്ലാവിഭാഗങ്ങളുമായും നല്ലബന്ധം പുലർത്തുന്ന നേതാവാണ് ജോർജ് കുര്യൻ.
സംസ്ഥാനത്ത് ജില്ലാ പ്രസിഡന്റുമാരുടെ എണ്ണം മുപ്പതായി ഉയർത്താൻ കോർകമ്മിറ്റി അംഗീകാരം നൽകിക്കഴിഞ്ഞു. ഒരു ജില്ലയിൽ ഒന്നിലധികം പ്രസിഡന്റുമാർ വരുമ്പോൾ ഭാരവാഹികളുടെ എണ്ണം കൂടുമെന്നതിനാൽ ജാതി, മത, സമുദായ, ഗ്രൂപ്പ് സമവാക്യങ്ങൾ പാലിച്ച് കൂടുതൽപ്പേരെ നേതൃത്വത്തിൽ എത്തിക്കാം. ഇതോടെ, ഭാരവാഹിപ്പട്ടികയിൽ ക്രൈസ്തവർക്കും നല്ല ഇടംകിട്ടും.
തൃശ്ശൂർ ലോക്‌സഭാ സീറ്റിൽ സുരേഷ്‌ഗോപിയുടെ വിജയത്തിനുപിന്നിൽ ക്രിസ്ത്യൻ സഭകളുടെയും അകമഴിഞ്ഞ പിന്തുണ ഉണ്ടായിട്ടുണ്ടെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ തൃശ്ശൂരിൽ സ്നേഹയാത്രയ്ക്ക് കൂടുതൽ ശ്രദ്ധയുണ്ടാകും. അടുത്ത തിരഞ്ഞെടുപ്പുകളിൽ തൃശ്ശൂർ കോർപ്പറേഷനും തൃശ്ശൂർ നിയമസഭാ മണ്ഡലവുമൊക്കെ ലക്ഷ്യമിട്ട് ഇതിനകംതന്നെ ബി.ജെ.പി പ്രവർത്തനം ശക്തമാക്കിയിട്ടുമുണ്ട്. സംസ്ഥാനത്താകെ മികച്ച വോട്ടുവിഹിതമുള്ള അറുപതോളം നിയമസഭാ മണ്ഡലങ്ങളിൽ കണ്ണുംനട്ടാണ് തന്ത്രങ്ങളൊരുക്കുന്നതും.
