തൃശൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാനതല ഡിവിഷന്‍ സമ്മേളനം തൃശൂര്‍ പുങ്കുന്നം ഡിവിഷന്‍ മുരളി മന്ദിരത്തില്‍ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വന്ന നിരവധിപേര്‍ക്ക് സംസ്ഥാന അധ്യക്ഷന്‍ മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു.
കോണ്‍ഗ്രസ്സ് മുന്‍ മണ്ഡലം പ്രസിഡന്റ്, വടൂക്കര എസ്എന്‍ഡിപി യോഗം പ്രസിഡന്റും തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറുമായ സദാനന്ദന്‍ വാഴപ്പിള്ളി, കെഎസ് യു മുന്‍ മണ്ഡലം ഭാരവാഹി ജോസ് വിന്‍ നെല്ലിശ്ശേരി, കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറി രാജേഷ് മനവഴി, ശ്രീനിവാസന്‍ കളരിക്കല്‍, വേലായുധന്‍ നായര്‍ , മുന്‍ ഡിസിസി ഓഫീസ് സെക്രട്ടറി മണികണ്ഠന്‍ എന്നിവരടക്കം നൂറോളം പ്രവര്‍ത്തകരും നേതാക്കളും ബിജെപി അംഗത്വം എടുത്തു.
കന്യാസ്ത്രീമാരുടെ വിഷയത്തില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. ബിജെപി മതവും ജാതിയും നോക്കാതെ സത്യസന്ധമായ ഇടപെടലാണ് നടത്തുന്നത്. അവര്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും ബിജെപി ചെയ്യുന്നുണ്ട്. ഛത്തീസ്ഗഡ് സര്‍ക്കാരും സത്യസന്ധമായി എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. ഇവിടുത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് ഇടതുപക്ഷവും കോണ്‍ഗ്രസും സ്വീകരിക്കുന്നത്. അത് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുകയാണ് ബിജെപി.
മുരളി മന്ദിരത്തില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെയും പത്‌നി കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന ചെയ്തു കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. കെ കരുണാകരന്‍ മക്കളായ മുരളീധരനും പദ്മജയ്ക്കുമായി നല്‍കിയതാണ്, തൃശൂരിലെ മുരളീമന്ദിരം. പദ്മജ ബിജെപിയില്‍ ചേര്‍ന്നതിനു ശേഷം ഈ വീട് ഇരു പാര്‍ട്ടിക്കാരുടെയും പരിപാടികള്‍ക്ക് ഉപയോഗിച്ചു വരികയാണ്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രന്‍, അഡ്വ. എസ് സുരേഷ്, ദേശീയ നിര്‍വാഹസമിതി അംഗം പത്മജ വേണുഗോപാല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണന്‍, മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ എ എന്‍ രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി എം വി ഗോപകുമാര്‍, സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ്, മേഖല പ്രസിഡന്റ് എ നാഗേഷ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി കെ ബാബു, അഡ്വ. കെ ആര്‍ ഹരി, അജിഘോഷ്, മേഖലാ ജനറല്‍ സെക്രട്ടറി രവികുമാര്‍ ഉപ്പത്ത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ സുജയ് സേനന്‍ , ഡോ. വി ആതിര, പൂര്‍ണിമ സുരേഷ്, സൗമ്യ സലേഷ്
ജില്ലാ സെക്രട്ടറിമാരായ എന്‍ആര്‍ റോഷന്‍ ,നിജി കെ ജി, റിന്‍സണ്‍ ചെവിടന്‍, കൗണ്‍സിലര്‍മാരായ പ്രസാദ് എന്‍, രാധിക എന്‍ വി, അയ്യന്തോള്‍ ഏരിയ പ്രസിഡന്റ് രതീഷ് ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. വെസ്റ്റ് മണ്ഡലം സെക്രട്ടറി കൃഷ്ണമോഹന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി മുരളീനാഥ് നന്ദിയും പറഞ്ഞു.
