തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എംഎല്‍എ സ്ഥാനം രാജിവെച്ചാല്‍ വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പിന് ആവശ്യപ്പെടില്ലെന്ന് ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കേ ഇനിയൊരു ഉപതെരഞ്ഞെടുപ്പ് അനാവശ്യമാണെന്ന നിലപാടിലാണ് ബിജെപി നേതൃത്വം. തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കിടയിലെ ഉപതെരഞ്ഞെടുപ്പ് ഗുണം ചെയ്യില്ലെന്നും ബിജെപി നേതൃത്വം വിലയിരുത്തുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ രാജിവെപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചെങ്കിലും വീണ്ടുമൊരു തെരഞ്ഞെടുപ്പ് പാര്‍ട്ടി നേതൃത്വം ആഗ്രഹിക്കുന്നില്ല. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് നിയമോപദേശം തേടുന്നതിനിടയിലാണ് ബിജെപിയുടെ നിര്‍ണായക നിലപാട് വരുന്നത്.
ഇനിയൊരു തെരഞ്ഞെടുപ്പുണ്ടായാല്‍ തങ്ങള്‍ക്ക് അനുകൂലമാകുമോ കാര്യങ്ങള്‍ എന്നതില്‍ കോണ്‍ഗ്രസില്‍ ആശങ്കയുണ്ട്. നിയമോപദേശത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന മറുപടിയാണ് ലഭിക്കുന്നതെങ്കില്‍ രാഹുലിനെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കാനും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാതിരിക്കാനുമാണ് കെപിസിസി പദ്ധതി.
രാഹുലിന്റെ വിഷയത്തില്‍ രണ്ട് പ്ലാനുകളാണ് കെപിസിസിക്ക് മുന്നിലുള്ളത്. ഒന്നാമത്തേത്, രാഹുലിനെ കൊണ്ട് രാജിവെപ്പിച്ച് പാര്‍ട്ടിയുടെ മുഖം രക്ഷിക്കുക. അല്ലെങ്കില്‍, ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ രാഹുലിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് മാറ്റുക. കോണ്‍ഗ്രസ് പ്രതിനിധി എന്ന പ്രിവിലേജ് ഇല്ലാതെ സഭയില്‍ പ്രത്യേക സീറ്റില്‍ രാഹുലിന് ഇരിക്കേണ്ടി വരും.
