ഒഡീഷയില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും

ഭുവനേശ്വര്‍: ഒഡീഷയില്‍ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മന്‍മോഹന്‍ സമല്‍ പറഞ്ഞു. ഇതോടെ നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍ – ബിജെപി സഖ്യവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ക്ക് വിരാമമായി

വികസിത ഇന്ത്യയും വികസിത ഒഡീഷയും സൃഷ്ടിക്കുന്നതിനായി മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കും. ഈ തെരഞ്ഞെടുപ്പില്‍ 21 ലോക്സഭാ സീറ്റുകളിലും 147 നിയമസഭാ സീറ്റുകളിലും ബിജെപി ഒറ്റയ്ക്ക് പോരാടുമെന്നും സമല്‍ പറഞ്ഞു.



‘കഴിഞ്ഞ 10 വര്‍ഷമായി നവീന്‍ പട്‌നായിക് പല കാര്യങ്ങളിലും കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ പിന്തുണക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അദ്ദേഹത്തോട് നന്ദി പറയുന്നു. രാജ്യത്തുടനീളം വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കുന്നതില്‍ മോദി സര്‍ക്കാര്‍ വലിയ പങ്കാണ് വഹിച്ചത്. എന്നാല്‍ മോദി സര്‍ക്കാരിന്റെ പല ക്ഷേമ പദ്ധതികളും ഒഡീഷയില്‍ എത്താത്തതിനാല്‍ ഒഡീഷയിലെ പാവപ്പെട്ട സഹോദരി സഹോദരന്മാര്‍ക്ക് അതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. ഒഡീഷയുടെ സ്വത്വം, ഒഡീഷയുടെ അഭിമാനം, ഒഡീഷയിലെ ജനങ്ങളുടെ താല്‍പര്യം എന്നിവയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ ഞങ്ങള്‍ക്ക് ആശങ്കകളുണ്ട്’ മന്‍മോഹന്‍ സമല്‍ പറഞ്ഞു.

1998 മുതല്‍ 2009 വരെ എന്‍ഡിഎയുടെ ഭാഗമായിരുന്ന ബിജു ജനതാദള്‍ കഴിഞ്ഞ 15 വര്‍ഷമായി എന്‍ഡിഎ സഖ്യത്തിനു പുറത്താണ് നിലയുറപ്പിച്ചിരിക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: