ന്യൂഡല്‍ഹി: ബൂത്ത് ലെവല്‍ ഓഫീസർമാരുടെ ആത്മഹത്യയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണവുമായി രാഹുല്‍ ഗാന്ധി.
ഒബിസി വോട്ടുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ജോലി നഷ്ടപ്പെടുത്തുമെന്ന് ബിഎല്‍ഒമാരെ ഭീഷണിപ്പെടുത്തുകയാണെന്ന് രാഹുല്‍ ആരോപിച്ചു
സമ്മർദം താങ്ങാനാവാതെ ബിഎല്‍ഒമാർ ആത്മഹത്യ ചെയ്യുകയാണ്. എസ്‌ഐആറിന്റെ പേരില്‍ ദലിത്, പിന്നാക്ക, ദരിദ്ര വോട്ടർമാരെ ഒഴിവാക്കി ബിജെപി സ്വന്തം വോട്ടർ പട്ടിക തയ്യാറാക്കുകയാണ്. ജനാധിപത്യത്തിന്റെ കൊലപാതകത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവാദിയെന്നും രാഹുല്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
അതിനിടെ എസ്‌ഐആറിന് എതിരെ ആർഎസ്‌എസ് അനുകൂല സംഘടനയും രംഗത്തെത്തി. അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ആണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്തെത്തിയത്. ഡ്യൂട്ടിക്കിടെ മരിച്ച ബിഎല്‍ഒമാരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം. ബിഎല്‍ഒമാർക്ക് ജോലി സമ്മർദമുണ്ടെന്നും ശൈഷിക് മഹാസംഘ് പ്രസ്താവനയില്‍ പറഞ്ഞു


