ഗോരഖ്പൂർ: ഉത്തർപ്രദേശിലെ സഹ്ജൻവ റെയിൽവേ സ്റ്റേഷന് പിന്നിലുള്ള ഓവർഹെഡ് ഇലക്ട്രിക്കൽ വയറുകളിൽ നാല് മാസം പ്രായമുള്ള ഒരു ഗർഭസ്ഥ ശിശു തൂങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. സഹ്ജൻവ റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്‌ഫോമിന് പിന്നിലുള്ള കേശവ്പൂർ പവർ സബ്‌സ്റ്റേഷന് സമീപമുള്ള വയറുകളിലാണ് ജഡം കണ്ടത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. അധികാരികൾ എത്തുന്നതിനുമുമ്പ് പ്രദേശവാസികൾ ഈ ദാരുണമായ രംഗത്തിന്റെ വീഡിയോകൾ പകർത്തി.
സ്ഥലത്തെത്തിയ പോലീസ് ഗർഭസ്ഥ ശിശുവിനെ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് അയച്ചു. മറ്റെവിടെയെങ്കിലും നടത്തിയ ഗർഭഛിദ്രത്തിന് ശേഷം, ഉയരത്തിൽ നിന്ന് വലിച്ചെറിഞ്ഞതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും ഇതിന് പുറമെ പരിസരത്തുള്ള ഓരോ വീടുകളിലും അന്വേഷണം നടത്തുന്നുണ്ടെന്നും നോർത്ത് പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര ശ്രീവാസ്തവ പറഞ്ഞു.
