Headlines

ബ്രിട്ടീഷ് കാലത്തെ രഹസ്യം; വടകര ട്രഷറിയിലെ നൂറ്റാണ്ട് പഴക്കമുള്ള നിലവറ തുറന്നു, നിധി പ്രതീക്ഷിച്ചവർക്ക് നിരാശ; കണ്ടത് കാലിയായ നിലവറ





കോഴിക്കോട്:വടകര സബ് ട്രഷറി ഓഫീസിലെ നൂറു വർഷത്തിലേറെ പഴക്കമുള്ള നിലവറ തുറന്നതോടെ നാളുകളായുള്ള ആകാംഷയ്ക്ക് വിരാമമായി. ഏകദേശം ഒരു മീറ്റർ നീളവും മുക്കാൽ മീറ്റർ വീതിയുമുള്ള ഇരുമ്പറയ്ക്കുള്ളിൽ നാണയങ്ങളോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ ഉണ്ടായിരുന്നില്ല.

ബ്രിട്ടീഷ് ഭരണകാലത്ത് താലൂക്കിന്റെ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ഈ സബ് ട്രഷറി ഓഫീസ് പ്രവർത്തിച്ചിരുന്നത്. അന്നത്തെ ഭരണാധികാരികൾ കറൻസികളും മറ്റ് അമൂല്യവസ്തുക്കളും സുരക്ഷിതമായി സൂക്ഷിക്കാനായാണ് ഇത്തരം ഇരുമ്പറകൾ നിർമ്മിച്ചിരുന്നത്. പതിറ്റാണ്ടുകളായി തുറക്കാതെ കിടന്ന ഈ നിലവറയ്ക്കുള്ളിൽ അമൂല്യമായ നിധിശേഖരം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാരും ഉദ്യോഗസ്ഥരും. താലൂക്ക് ഓഫീസായി പ്രവർത്തിച്ചിരുന്ന ഈ കെട്ടിടം മുൻപ് തീപിടിച്ച് നശിച്ചിരുന്നു. പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടം പൊളിച്ചുമാറ്റുന്ന ജോലികൾ പുരോഗമിക്കുന്നതിനിടയിലാണ് നിലവറ തുറക്കാൻ തീരുമാനിച്ചത്.

ഇന്നലെ രാവിലെ 11.20-നാണ് ഉദ്യോഗസ്ഥ സംഘം നിലവറ പൊളിച്ച് പരിശോധന നടത്തിയത്. മുൻകാലങ്ങളിൽ കവർച്ചക്കാരിൽ നിന്ന് രക്ഷനേടാനായിട്ടാണ് ഇത്തരം നിലവറകൾ ഉപയോഗിച്ചിരുന്നതെന്ന് അസിസ്റ്റന്റ് ജില്ലാ ട്രഷറി ഓഫീസർ ടി. അബ്ദുൾ റഷീദ് വ്യക്തമാക്കി. കോഴിക്കോട്ടെ പുതിയറ, വയനാട്ടിലെ വൈത്തിരി, ഇടുക്കിയിലെ ദേവികുളം ട്രഷറി ഓഫീസുകളിലും സമാനമായ ഭൂഗർഭ അറകൾ ഉണ്ടായിരുന്നു. വടകരയിലെ ഈ നിലവറ തിരുവനന്തപുരത്തുള്ള ട്രഷറി വകുപ്പിന്റെ പുരാവസ്തു ശേഖരത്തിലേക്ക് മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വടകര ആർഡിഒ അൻവർ സാദത്ത്, ആർക്കിയോളജിസ്റ്റ് ജീവ മോൾ, സബ് ട്രഷറി ഓഫീസർ അജിത്ത് കുമാർ, തഹസിൽദാർ ഡി. രഞ്ജിത്, വടകര എസ്‌ഐ വിനീത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിലവറ തുറന്ന് പരിശോധന നടത്തിയത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: