ഒളിംപിക്സ് ഹോക്കിയിൽ  ഇന്ത്യക്ക് വെങ്കലം ; വിജത്തോടെ കളമെഴിഞ്ഞ് പി ആർ ശ്രീജേഷ്

പാരീസ്: ഒളിംപിക്‌സ് ഹോക്കിയില്‍ വെങ്കലം നേടി ഇന്ത്യ. ഹോക്കിയില്‍ ഇന്ത്യയുടെ നാലാം വെങ്കലമാണിത്. സ്‌പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് ഇന്ത്യ വെങ്കലം നിലനിര്‍ത്തിയത്. ഹര്‍മന്‍പ്രീത് സിംഗാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. മാര്‍ക്ക് മിറാലസിന്റെ വകയായിരുന്നു സ്‌പെയ്‌നിന്റെ ഗോള്‍. ഇതോടെ പാരിസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം നാലായി.

ഈ മത്സരത്തോടു കൂടി ഇന്ത്യയുടെ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് തന്റെ കരിയര്‍ അവസാനിപ്പിച്ചു. പാരീസ് ഒളിംപിക്‌സിന് ശേഷം വിരമിക്കുമെന്ന് ശ്രീജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വപ്നതുല്ല്യമായ മടക്കമാണ് ശ്രീജേഷിന് പാരീസ് സമ്മാനിച്ചിരിക്കുന്നത്. ജയത്തില്‍ നിര്‍ണായകമായത് ശ്രീജേഷിന്റെ സേവുകളാണ്. ഒളിംപിക്‌സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ മലയാളിയായി മാറിയിരിക്കുകയാണ് ശ്രീജേഷ്.

മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ഗോളൊന്നും പിറന്നിരുന്നില്ല. എന്നാല്‍ ഇന്ത്യക്ക് സുവര്‍ണാവസരം ലഭിക്കുകയുണ്ടായി. സുഖ്ജീത് സിംഗിന് അവസരം മുതലാക്കാന്‍ സാധിച്ചില്ല. സ്‌പെയ്‌നിന്റെ ഒരു ഗോള്‍ ശ്രമം ശ്രീജേഷ് രക്ഷപ്പെടുത്തുകയും ചെയ്തു. രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ സ്‌പെയ്ന്‍ ഗോള്‍ നേടി. 18-ാം മിനിറ്റില്‍ പെനാല്‍റ്റ് സ്‌ട്രോക്കിലൂടെയായിരുന്നു മിറാലസിന്റെ ഗോള്‍. പിന്നാലെ രണ്ട് പെനാല്‍റ്റി കോര്‍ണര്‍ സ്‌പെയ്‌നിന് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 28-ാം മിനിറ്റില്‍ സ്‌പെയ്‌നിന്റെ മറ്റൊരു ശ്രമം പോസ്റ്റില്‍ തട്ടിത്തെറിച്ചു. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കാനിരിക്കെ ഇന്ത്യ സമനില ഗോള്‍ കണ്ടെത്തി. ഹര്‍മന്‍പ്രീത് മനോഹരമായി സ്പാനിഷ് വലയില്‍ പന്തെത്തിച്ചു.

മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യ രണ്ടാം ഗോളും നേടി. ഇത്തവണയും ഹര്‍മന്‍പ്രീത് തുണയായി. മൂന്നാം ക്വാര്‍ട്ടര്‍ ഇതേ നിലയില്‍ തന്നെ അവസാനിച്ചു. നാലാം ക്വാര്‍ട്ടറില്‍ സ്‌പെയ്ന്‍ വര്‍ധിത വീര്യത്തോടെ തിരിച്ചടിക്കാന്‍ തുടങ്ങി. പലപ്പോഴും ഗോളിനടുത്ത് വരെ എത്തിയെങ്കിലും ശ്രീജേഷിനെ മറികടക്കാന്‍ സാധിച്ചില്ല. മത്സരത്തിലുടനീളം മിന്നും സേവകളുമായി ശ്രീജേഷ് കളം നിറഞ്ഞിരുന്നു. അവസാന നിമിഷങ്ങളില്‍ സ്‌പെയ്‌നിന് ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ അവിശ്വസനീയമായി ശ്രീജേഷ് രക്ഷപ്പെടുത്തി. ജയത്തോടെ ഇന്ത്യ ഒളിംപിക് വെങ്കലം നിലനിര്‍ത്തി.

8 വർഷമായി ശ്രീജേഷ് ഇന്ത്യയ്ക്കായി കളിക്കുന്നു. 2006 മുതലാണ്‌ ഇന്ത്യൻ ജേഴ്‌സിയിൽ ശ്രീജേഷ് എത്തിയത്. ലണ്ടനിൽ 2012ൽ നടന്ന ഒളിമ്പിക്‌സിലാണ്‌ തുടക്കം. 2016ൽ റിയോവിലും 2020 ടോക്യോയിലും ഗോളിയായി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: