തിരുവനന്തപുരം: വീട് കുത്തിത്തുറന്ന് മോഷണം. മാറനല്ലൂരിൽ വീട്ടുകാർ പുറത്തുപോയ സമയത്ത് വീട് കുത്തിത്തുറന്ന മോഷ്ടാവ് 15 പവൻ സ്വർണം കവർന്നു. ഇടത്തറ പെരുമുള്ളൂർ സതീഷിൻ്റെ വീട്ടിലാണ് ശനിയാഴ്ച വൈകിട്ട് മോഷണം നടന്നത്. വീട് പൂട്ടി പുറത്തുപോയ സതീഷും കുടുംബവും തിരിച്ചെത്തി മുൻവശത്തെ വാതിൽ തുറക്കാൻ സാധിക്കാഞ്ഞതോടെ പിന്നിലെത്തിയപ്പോഴാണ് അവിടെ വാതിൽ തുറന്ന നിലയിൽ കണ്ടത്. മുറിയിലെ അലമാരകളും തുറന്നിട്ട നിലയിലായിരുന്നു. കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും മോഷ്ടാവ് കവർന്നു.
പൊലീസും ഡോഗ്‌സ്ക്വാഡും വിരലടായള വിദഗ്ദ്ധരും പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ക്യാമറകളും പൊലീസ് പരിശോധിച്ചു. വീട് പൂട്ടി പോകുന്നത് കണ്ട ആരെങ്കിലുമാകാം മോഷണം നടത്തിയതെന്നും വീട്ടുകാർ ഉടനെ തിരിച്ചെത്തിയാൽ വാതിൽ തുറക്കാതിരിക്കാനാവാം മോഷ്ടാവ് അകത്തുനിന്ന് മുൻവശത്തെ വാതിൽ പൂട്ടിയതെന്നുമാണ് പൊലീസിൻ്റെ സംശയം
