Headlines

സീറ്റുണ്ടെങ്കിൽ എവിടെയും എപ്പോഴും ബസ് നിർത്തണം: നിർണായക നിർദേശങ്ങളുമായി കെഎസ്ആർടിസി





യാത്രക്കാർ കൈകാണിച്ചാൽ സീറ്റുണ്ടെങ്കിൽ ഏതു സ്ഥലത്തും ബസ് നിർത്താൻ നിർദേശവുമായി കെഎസ്ആർടിസി എംഡി. മിന്നൽ സർവീസുകൾ ഒഴികെയുള്ള ബസുകൾക്കാണ് നിർദ്ദേശം ബാധകം. രാത്രി 10 മുതൽ രാവിലെ ആറു വരെ ആവശ്യപ്പെടുന്ന സ്ഥലത്ത് ആളുകളെ ഇറക്കാനും നിർദേശമുണ്ട്. ഭക്ഷണത്തിനായി ബസ് നിർത്തുന്നത് വൃത്തിയുള്ള ശുചിമുറികൾ ഉള്ള ഹോട്ടലുകളായിരിക്കണമെന്നതാണ് മറ്റൊരു നിർദേശം. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക ശുചിമുറികൾ ഉണ്ടെന്നും ഉറപ്പാക്കണം. മദ്യപിച്ചു ജോലിക്കു കയറുന്നതു തടയാൻ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ബ്രത്ത് അനലൈസർ പരിശോധന നടത്താനും തീരുമാനിച്ചു.

*പ്രധാന നിർദ്ദേശങ്ങൾ ഇങ്ങനെ:*

1. കോര്‍പറേഷന്‍റെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടില്‍ യാത്രക്കാരില്‍ നിന്നും ലഭിക്കുന്ന ടിക്കറ്റ് വരുമാനമാണ് ഏറ്റവും പ്രധാന വരുമാന സ്രോതസ് എന്നതിനാല്‍ ഓരോ ചെറിയ തുകയും വളരെ പ്രധാനപ്പെട്ടതാണ്. വഴിയില്‍ നിന്നും കൈകാണിക്കുന്ന യാത്രക്കാരന്‍ അന്നദാതാവാണ് എന്ന പരിഗണന നല്‍കണം. കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ നിന്നും ബസുകള്‍ എടുക്കുമ്പോഴും ബസ് സ്റ്റേഷനില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങുമ്പോഴും സ്റ്റോപ്പുകളില്‍ നിന്നും ബസെടുക്കുമ്പോഴും ബസില്‍ കയറുവാന്‍ കൈ കാണിക്കുന്ന എല്ലാ യാത്രക്കാരേയും നിര്‍ബന്ധമായും കയറ്റിയിരിക്കണം. കെഎസ്ആര്‍ടിസി–കെഎസ്ആര്‍ടസി സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് വരെയുള്ള എല്ലാ സര്‍വീസുകളിലും സീറ്റ് ലഭ്യതയുണ്ടെങ്കില്‍ യാത്രാമധ്യേ യാത്രക്കാര്‍ കൈ കാണിക്കുന്ന ഏതു സ്ഥലത്തും ഏതു സമയത്തും അപകടരഹിതമായും ട്രാഫിക് നിയമങ്ങള്‍ പാലിച്ചും ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റിക്കൊണ്ടുപോകേണ്ടതാണ്.

2. രാത്രി സമയങ്ങളില്‍ യാത്ര ചെയ്യുന്ന യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുന്‍നിര്‍ത്തി രാത്രി 10 മുതല്‍ രാവിലെ 6 വരെ സൂപ്പര്‍ഫാസ്റ്റ് വരെയുള്ള സര്‍വീസുകള്‍ പ്രസ്തുത സർവീസിന്റെ സ്റ്റോപ്പ് പരിഗണിക്കാതെ ദീര്‍ഘദൂര യാത്രക്കാരെ അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്തെ ബസ് സ്റ്റോപ്പുകളില്‍ നിര്‍ത്തി സുരക്ഷിതമായി ഇറക്കേണ്ടതാണ്.

3. കൂടാതെ രാത്രി 8 മണി മുതല്‍ രാവിലെ 6 മണി വരെ സ്ത്രീകളുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്ത് മിന്നല്‍ ഒഴികെയുള്ള എല്ലാത്തരം ബസുകളും സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് സ്റ്റോപ്പുകളില്‍ സുരക്ഷിതമായി നിര്‍ത്തി ഇറക്കേണ്ടതാണ്.

4. ബസില്‍ കയറുവാനും ഇറങ്ങുവാനും ബുദ്ധിമുട്ടുന്നവര്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാർ, കുട്ടികള്‍ എന്നിവരെ ബസില്‍ കയറുവാനും ഇറങ്ങുവാനും കണ്ടക്ടര്‍മാര്‍ സഹായിക്കേണ്ടതാണ്.

5. വൃത്തിയും ശുചിത്വവും ഉള്ളതും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ടോയ്‌ലെറ്റുകളും ലഭ്യമായതുമായ ഹോട്ടലുകളില്‍ മാത്രമേ ബസുകള്‍ നിര്‍ത്തുവാന്‍ പാടുള്ളൂ. ഇത്തരത്തില്‍ നിര്‍ത്തുന്ന സ്ഥലം, സമയം എന്നിവ അടങ്ങിയ ഷെഡ്യൂള്‍ യാത്രക്കാര്‍ കാണുന്ന വിധം പ്രദര്‍ശിപ്പിക്കേണ്ടതാണ്.

6. ടിക്കറ്റ് പരിശോധനാവേളയില്‍ കണ്ടക്ടര്‍മാരുടെ ഭാഗത്ുനിന്നും ഉണ്ടാകുന്ന ഗുരുതരമായ വീഴ്ചകള്‍ (ഉദാഹരണം: യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാതിരിക്കുക, തുക വാങ്ങിയ ശേഷം ടിക്കറ്റ് നല്‍കാതിരിക്കുക, മോശമായ പെരുമാറ്റം തുടങ്ങിയവ) ശ്രദ്ധയില്‍‍പ്പെട്ടാൽ പ്രസ്തുത ജീവനക്കാരനെതിരെ കര്‍ശനനടപടി സ്വീകരിക്കുന്നതാണ്.

7. ഡ്യൂട്ടിയ്ക്ക് എത്തുന്ന മുഴുവന്‍ ഡ്രൈവര്‍മാരേയും വനിതകള്‍ ഒഴികെയുള്ള കണ്ടക്ടര്‍മാരേയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുവാന്‍ പാടുള്ളൂ. ഡ്യൂട്ടിയ്ക്ക് എത്തുന്ന ജീവനക്കാര്‍ സ്റ്റേഷൻ മാസ്റ്റര്‍ ഓിസില്‍ റിപ്പോര്‍ട്ട് ചെയ്ത് പരിശോധനയ്ക്ക് വിധേയമാകേണ്ടതും ഇരു ജീവനക്കാരുടേയും ബ്രീത്ത് അനലൈസര്‍ റീഡിങ് വേബില്ലില്‍ രേഖപ്പെടുത്തേണ്ടതുമാണ്. ഇത് ഡ്യൂട്ടിയിലുള്ള ഷെഡ്യൂള്‍ ഇന്‍സ്‌പെക്ടര്‍മാര്‍/സ്റ്റേഷൻ മാസ്റ്റര്‍മാര്‍ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്.

8. ഒരേ റൂട്ടിലേയ്ക്ക് ഒന്നിനു പുറകെ ഒന്നായി കോണ്‍‍വോയ് അടിസ്ഥാനത്തില്‍ ബസുകള്‍ സര്‍വീസ് നടത്തുന്ന പ്രവണത ഒഴിവാക്കേണ്ടതാണ്. ഇത്തരം സാഹചര്യം തുടര്‍ച്ചയായി ഉണ്ടായാല്‍ ജീവനക്കാര്‍ വിവരം ബന്ധപ്പെട്ട മേലുദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ്. റോഡില്‍ പരമാവധി ഇടതുവശം ചേര്‍ത്തുതന്നെ ബസ് ഒതുക്കി നിര്‍ത്തുന്നതിനും റോഡിന്‍റെ ഇരുവശങ്ങളിലും സമാന്തരമായി തടസം സൃഷ്ടിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

9. ബസ് ഓടിക്കുമ്പോള്‍ നിരത്തില്‍ ഒപ്പമുള്ള ചെറുവാഹനങ്ങളേയും കാല്‍നട യാത്രക്കാരേയും കരുതലോടെ കാണേണ്ടതും ഓരോ ജീവനും വിലപ്പെട്ടതാണെന്നുള്ള ചിന്ത ഓരോ നിമിഷവും നാം ഓരോരുത്തര്‍ക്കും ഉണ്ടാകേണ്ടതുമാണ്. അപകടത്തിന് ഉത്തരവാദിത്വം ഇല്ല എന്നതിനേക്കാള്‍ അപകടം ഒഴിവാക്കുവാന്‍ വേണ്ട മുന്‍കരുതല്‍ എടുക്കുന്നതിനാണ് പ്രാധാന്യം നല്‍‍കേണ്ടത്.

10. ഓരോ ജീവനക്കാരും യാത്രക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന പരാതികളില്‍ / ബുദ്ധിമുട്ടുകളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തേണ്ടതും പരിഹരിക്കാന്‍ നിയമാനുസൃതമായി സാധ്യമാകുന്ന നടപടികള്‍ അടിയന്തിരമായി സ്വീകരിക്കേണ്ടതുമാണ്. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് തുടര്‍ന്ന് എല്ലാ സംരക്ഷണവും കോര്‍പറേഷന്‍ ഒരുക്കുന്നതാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: