ബുക്ക് സ്‌റ്റോറില്‍ നിന്നും 50 കവര്‍ (എന്‍വലപ്പ്) വാങ്ങി അതിനുള്ളിൽ കറൻസി

കാസര്‍കോട്: വാങ്ങിയത് വെറും കവറുകള്‍, അതിനുള്ളില്‍ പണം. കാസര്‍കോടുള്ള ബുക്ക് സ്‌റ്റോറില്‍ നിന്നും 50 കവര്‍ (എന്‍വലപ്പ്) വാങ്ങിയ സ്ത്രീ അതിനുള്ളില്‍ കറന്‍സി കണ്ട് അമ്പരന്നു. അന്‍പത് കവറുകളില്‍ 24 എണ്ണത്തിലും പത്ത് രൂപയുടെ പുത്തന്‍ നോട്ടുകളായിരുന്നു ഉണ്ടായിരുന്നത്. അമ്പരപ്പ് മാറും മുന്‍പ് അവര്‍ കവര്‍ വാങ്ങിയ കടക്കാരനെ സമീപിച്ചു. കഥയറിഞ്ഞ് കടക്കാരനും അമ്പരന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് ആന്വേഷിച്ചു. ഇതോടെയാണ് കവറില്‍ പണം പ്രത്യക്ഷപ്പെട്ടതിന് പിന്നിലെ കഥ പുറത്തറിഞ്ഞത്.

ദിവസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു വ്യക്തി ഇതേ ബുക്ക് സ്റ്റോറില്‍ നിന്നും 800 കവറുകള്‍ വാങ്ങിയിരുന്നു. അതില്‍ കുറച്ച് പിന്നീട് തിരികെ നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ മടങ്ങിയത്തിയ കവറുകളായിരുന്നു പിന്നീട് വില്‍പന നടത്തിയത്. ഇത്തരത്തില്‍ മടങ്ങിയയെത്തിയ നൂറോളം കവറുകളിലായി 920 രൂപയോളം ഉണ്ടായിരുന്നു എന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു. തിരികെ ലഭിച്ചപ്പോള്‍ ഉള്ളില്‍ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിച്ചില്ലെന്നും ഉടമ പറയുന്നു

പണം കണ്ടെത്തിയ വിഷയം മുന്‍പ് കവര്‍ വാങ്ങിയ വ്യക്തിയെ അറിയിച്ച് ബുക്ക് സ്റ്റോര്‍ ഉടമ ലഭിച്ച പണം കൈമാറുകയും ചെയ്തു. വിശ്വാസപരമായ ഏതോ ചടങ്ങിന്റെ ഭാഗമായാണ് ഇത്തരത്തില്‍ കവറുകളില്‍ പണം നിക്ഷേപിച്ചത് എന്നാണ് വിലയിരുത്തല്‍.

എന്നാല്‍, അനര്‍ഹമായത് സ്വന്തമാക്കാന്‍ മുതിരാതെ തങ്ങള്‍ക്ക് മുന്നിലെത്തിയ പണം തിരികെ നല്‍കി കടക്കാരനും സ്ത്രീയും മാതൃകയായപ്പോള്‍, കവര്‍ വാങ്ങി ഭാഗ്യം പരീക്ഷിക്കുകയാണ് മറ്റ് ചിലര്‍. കവര്‍ വാങ്ങിയവര്‍ക്ക് പണം ലഭിക്കുന്നു എന്ന വാര്‍ത്ത പടര്‍ന്നതോടെ കടയില്‍ കവറിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതായും സ്റ്റോര്‍ ഉടമ പറയുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: