സ്ഥാനാര്‍ഥികള്‍ ജയിലില്‍ ആയതിനാല്‍ സത്യപ്രതിജ്ഞ ചെയ്തില്ല; രണ്ട് നഗരസഭാ വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കും




കണ്ണൂര്‍: പയ്യന്നൂര്‍, തലശ്ശേരി നഗരസഭകളിലെ ഒരോ വാര്‍ഡുകളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ സാധ്യത. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും ജയിലില്‍ കിടക്കുന്നതിനാല്‍ സ്ഥാനാര്‍ത്ഥികള്‍ സത്യപ്രതിജ്ഞ ചെയ്യാത്തതാണ് ഇതിന് കാരണം.

പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 46ാം വാര്‍ഡായ മൊട്ടമ്മലില്‍നിന്നും വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ നിഷാദ്, തലശ്ശേരി മുനിസിപ്പാലിറ്റി 37ാം വാര്‍ഡായ കൊമ്മല്‍വയലില്‍നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി ജയിച്ച യു പ്രശാന്ത് എന്നിവരുടെ കൗണ്‍സിലര്‍ സ്ഥാനം നഷ്ടമാകുകയും അയോഗ്യരാക്കപ്പെടുകയും ചെയ്യും. ഇവര്‍ സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്ന് നഗരസഭ സെക്രട്ടറിമാര്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. ഇത് പരിഗണിച്ച് തെരഞ്ഞെടുപ്പ് റദ്ദാക്കിയാല്‍ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും.

സിപിഐഎം സ്ഥാനാര്‍ത്ഥിയായിരുന്ന വി കെ നിഷാദ് 536 വോട്ടിനാണ് വാര്‍ഡില്‍നിന്നും വിജയിച്ചത്. പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറികൂടിയായ നിഷാദിന് 20 വര്‍ഷം തടവും പിഴയും വിധിച്ചത്. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതായിരുന്നു വിധി.

നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിന് ശേഷമായിരുന്നു വിധിവന്നത്. അതിനാല്‍ തന്നെ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരുന്നില്ല. പത്രികപിന്‍വലിക്കാനുള്ള അവസാനദിനത്തിലാണ് കേസില്‍ നിഷാദിനെ കുറ്റക്കാരനായി കണ്ടെത്തിയത്. ജയിലില്‍ കിടന്നാണ് നിഷാദ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.


എന്നാല്‍ അധികൃതര്‍ക്കിടയിലടക്കം ആശയകുഴപ്പമുള്ളതിനാല്‍ സത്യപ്രതിജ്ഞയെ കുറിച്ച് ആലോചിച്ചിരുന്നില്ല. കേസില്‍ 10 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയെങ്കിലും തെരഞ്ഞെടുക്കപ്പെട്ട തിയതി മുതല്‍ 30 ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ ചട്ടപ്രകാരം അംഗത്വം നഷ്ടപ്പെടുകയും സ്ഥാനം സ്വമേധയാ ഒഴിഞ്ഞതായി കമ്മീഷന്‍ പ്രഖ്യാപിക്കുകയും ചെയ്തേക്കും.

സിപിഐഎം പ്രവര്‍ത്തകന്റെ വീട് ആക്രമിക്കാനും കൊലപ്പെടുത്താനും ശ്രമിച്ചെന്ന കേസാണ് ബിജെപിയുടെ യു പ്രശാന്തിന് കുരുക്കായത്. തലശേരി അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി വിവിധ വകുപ്പുകള്‍ പ്രകാരം 36 വര്‍ഷവും ആറ് മാസം തടവും പിഴയുമാണ് ശിക്ഷ വിധിച്ചത്. 10 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതി. കേസില്‍ സത്യപ്രതിജ്ഞയ്ക്ക് മുമ്പാണ് പ്രശാന്ത് ജയിലിലായത്. 616 വോട്ടിനായിരുന്നു പ്രശാന്തിന്റെ വിജയം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: