ചെന്നൈ : തിരുച്ചിറപ്പള്ളിയിലെ ലാൽഗുഡി മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നടൻ മൻസൂർ അലിഖാനെതിരെ പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റെയിൽവേ പാളത്തിൽ തലവെച്ച് കിടന്നതിനാണ് നടപടി. റെയിൽവേ പാളത്തിൽ അതിക്രമിച്ച് കയറിയതിനും ട്രെയിൻ ഗതാഗതത്തിന് തടസ്സമുണ്ടാക്കിയതിനുമാണ് റെയിൽവേ പോലീസ് കേസെടുത്തത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റെയിൽവേ പാളത്തിൽ തലവെച്ച് കിടന്ന് പ്രതിഷേധം പുനരവതരിപ്പിച്ച നടൻ മൻസൂർ അലിഖാൻ നിയമക്കുരുക്കിൽ. ചൊവ്വാഴ്ച കല്ലക്കുടി പഴങ്കനാഥം സ്റ്റേഷന് സമീപമുള്ള റെയിൽവേ പാളത്തിലാണ് താരം കിടന്നത്. വിവരം അറിഞ്ഞെത്തിയ പോലീസ് ഉടൻ തന്നെ ഇദ്ദേഹത്തെ പാളത്തിൽ നിന്നും മാറ്റി.
1953-ൽ തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ മുൻ മുഖ്യമന്ത്രി എം. കരുണാനിധി കല്ലക്കുടി റെയിൽവേ പാളത്തിൽ തലവെച്ച് കിടന്ന് പ്രതിഷേധിച്ചിരുന്നു. കല്ലക്കുടിയിൽ എത്തിയപ്പോൾ ആ ചരിത്ര സംഭവം ഓർമ്മ വന്നെന്നും അത് പുനരാവിഷ്കരിക്കാനാണ് താൻ ശ്രമിച്ചതെന്നുമാണ് മൻസൂർ അലിഖാന്റെ വിശദീകരണം. എന്നാൽ, ഇത്തരം പ്രവൃത്തികൾ സ്വന്തം ജീവനും ട്രെയിൻ യാത്രക്കാരുടെ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
ഇന്ത്യ ജനനായക പുലികൾ കക്ഷി എന്ന സ്വന്തം പാർട്ടിയുടെ ബാനറിലാണ് മൻസൂർ അലിഖാൻ ഇത്തവണ ജനവിധി തേടുന്നത്. തിങ്കളാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിച്ച അദ്ദേഹം ലാൽഗുഡിയിൽ തമ്പടിച്ച് വീടുകൾ കയറിയുള്ള പ്രചാരണത്തിലാണ്. മീൻ വിറ്റും തട്ടുകടകളിൽ ദോശയുണ്ടാക്കിയും വോട്ട് ചോദിക്കുന്ന ഇദ്ദേഹത്തിന്റെ വ്യത്യസ്തമായ പ്രചാരണ രീതികൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനും റെയിൽവേ നിയമങ്ങൾ ലംഘിച്ചതിനുമുള്ള കുറ്റങ്ങളാണ് നടനെതിരെ ഇപ്പോൾ ചുമത്തിയിരിക്കുന്നത്.


