Headlines

കോവിഡ് രോഗിയെ ആംബുലൻസ് ഡ്രൈവര്‍ പീഡിപ്പിച്ച കേസ്: പ്രതി നൗഫലിന് ജീവപര്യന്തം തടവ്

പത്തനംതിട്ട: കോവിഡ് ബാധിതയെ ആംബുലൻസില്‍ വച്ച്‌ പീഡിപ്പിച്ച കേസില്‍ പ്രതി കായംകുളം കീരിക്കാട് സൗത്ത് പനയ്ക്കച്ചിറയില്‍ നൗഫലിന് (29) ജീവപര്യന്തം തടവുശിക്ഷ

പത്തനംതിട്ട പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടേതാണ് വിധി. തടവിനു പുറമേ 1,08,000 രൂപ പിഴശിക്ഷയും വിധിച്ചു.

നൗഫല്‍ കുറ്റക്കാരനാണെന്ന് കോടതി വ്യാഴാഴ്ച കണ്ടെത്തിയിരുന്നു. ഐപിസി 366, 376, 354 എന്നീ വകുപ്പുകള്‍ പ്രകാരവും പട്ടികജാതി പീഡന നിരോധന നിയമം 5 എ വകുപ്പുപ്രകാരവുമാണ് ഇയാള്‍ കുറ്റം ചെയ്തതായി കോടതി വ്യക്തമാക്കിയത്. പ്രതിക്കു ജീവപര്യന്തം തടവ് നല്‍കണമെന്ന് പ്രോസിക്യൂട്ടർ ടി. ഹരികൃഷ്ണൻ വാദിച്ചിരുന്നു.

2020 സെപ്റ്റംബര്‍ അഞ്ചിനാണ് സംഭവം ഉണ്ടായത്. പന്തളം സ്വദേശിയായ യുവതിയെ അടൂരിലെ ആശുപത്രിയില്‍നിന്നും പന്തളം അര്‍ച്ചന ആശുപത്രിയിലെ കോവിഡ് സെന്‍ററിലേക്ക് കൊണ്ടുപോകുന്നതിനിടെ ആറന്മുള വിമാനത്താവള പദ്ധതിപ്രദേശത്ത് കൊണ്ടുപോയി ആംബുലന്‍സില്‍ വച്ച്‌ ക്രൂരമായി പീഡിപ്പിച്ചെന്നാണ് കേസ്. പീഡന വിവരം പെണ്‍കുട്ടി ആരോടും പറയില്ലെന്നാണ് നൗഫല്‍ കരുതിയത്.

പെണ്‍കുട്ടി പറയുന്നത് മുഴുവന്‍ കളവാണെന്നും കുട്ടിക്ക് മാനസികനില ശരിയല്ലെന്നുമായിരുന്നു ഇയാള്‍ ആദ്യം പോലീസിനോടു പറഞ്ഞത്. എന്നാല്‍ ഫോണില്‍ വിളിച്ച്‌ പോലീസ് പെണ്‍കുട്ടിയുടെ മൊഴി എടുത്തപ്പോള്‍ ഞെട്ടിക്കുന്ന വിവരമായിരുന്നു ലഭിച്ചത്.

പീഡനത്തിന് ശേഷം നൗഫല്‍ മാപ്പ് പറഞ്ഞെന്നും അതിന്‍റെ ശബ്ദരേഖ തന്‍റെ ഫോണിലുണ്ടെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. കേസില്‍ നാലര വർഷമായി വിചാരണത്തടവിലുള്ള ഇയാള്‍ മുൻപും വധശ്രമക്കേസില്‍ പ്രതിയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: