തിരുവനന്തപുരം: ജ്യേഷ്ഠന്റെ കൊലക്കത്തിക്കിരയാകുന്നതിന് തൊട്ടുമുമ്പ് 13കാരൻ അഫ്സാൻ തനിക്കേറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങാൻ ഹോട്ടലിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഹോട്ടലിൽ മന്തി വാങ്ങാൻ എത്തുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുളളത്. ഹോട്ടലിലേക്ക് അഫ്സാൻ ഓട്ടോയിലെത്തുന്നതാണ് കാണാൻ സാധിക്കുന്നത്. ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അഫാൻ പറഞ്ഞത് അനുസരിച്ചാണ് അഫ്സാൻ മന്തി വാങ്ങാൻ കടയിലെത്തുന്നത്. അഫ്സാന് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമാണിത്. ഇതും വാങ്ങി വന്നതിന് ശേഷമാണ് അഫാൻ അനിയനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. ഈ കവറുമായി അഫ്സാൻ വീട്ടിലേക്ക് കയറുന്നത് കണ്ടതായി ദൃസാക്ഷികൾ വെളിപ്പെടുത്തിയിരുന്നു.
പേരുമലയില്‍ അഫ്സാന്‍റെ മൃതദേഹം പൊതുദര്‍ശനത്തിന് എത്തിച്ചപ്പോള്‍ നിരവധി ആളുകളാണ് കണ്ണീരോടെ ഇവിടെയെത്തിയത്. അഫ്സാന്‍റെ സഹപാഠികളും സുഹൃത്തുക്കളും അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. അഫാന് അഫ്സാനെ വളരെ ഇഷ്ടമായിരുന്നു എന്നാണ് നാട്ടുകാരുടെ സാക്ഷ്യം. തോളില്‍ കയ്യിട്ടു നടക്കുന്നതായിട്ടേ ഇവരെ കണ്ടിട്ടുള്ളൂ എന്നും നാട്ടുകാര്‍ പറയുന്നു. ഇങ്ങനെയൊരു കാഴ്ച പ്രതീക്ഷിച്ചിട്ടില്ലെന്ന് വിതുമ്പലോടെയാണ് എല്ലാവരും പറയുന്നത്. അഫ്സാൻ, സൽമബീവി, ലത്തീഫ്, ഷാഹിദ എന്നിവരുടെ ഖബറടക്കം താഴേ പാങ്ങോട് മുസ്ലീം ജുമാ മസ്ജിദ് ഖബർസ്ഥാനിലായിരുന്നു.