ട്രാൻസ്ജെൻഡർ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമാ വിനീത് വിവാഹിതയായി. സാമൂഹികമാധ്യമങ്ങളിലൂടെ സീമ തന്നെയാണ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്. നിശാന്താണ് സീമയുടെ ജീവിതപങ്കാളി. കഴിഞ്ഞദിവസം ഇരുവരുമൊന്നിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും സീമ പങ്കുവെച്ചിരുന്നു.
വെള്ള ലെഹങ്കയാണ് സീമാ വിനീതിന്റെ വിവാഹവേഷം. പച്ചയും വെള്ളയും കല്ലുകൾ പതിച്ച മാലകളും കമ്മലും വളകളും അഴകിന് മാറ്റേകി. ലളിതമായ മേക്കപ്പാണുണ്ടായിരുന്നത്. സീമയോട് യോജിക്കും വിധം അതേ നിറത്തിലുള്ള കുർത്തയാണ് നിശാന്ത് ധരിച്ചത്. ഒപ്പം തന്റെ പ്രിയതമയ്ക്ക് സമാനമായി പച്ചയും വെള്ളയും മുത്തുകളുള്ള മാലയുമുണ്ടായിരുന്നു.
സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾക്കു താഴെ സീമയ്ക്കും നിശാന്തിനും ആശംസകൾ നേർന്ന് നിരവധി കമന്റുകളും എത്തി. നേരത്തെ റജിസ്റ്റർ വിവാഹം നടത്തിയിരുന്നെങ്കിലും നിശാന്തുമായി വേർപിരിയുകയാണെന്ന രീതിയിൽ സീമ സമൂഹമാധ്യമത്തിൽ പോസ്റ്റുകൾ പങ്കുവച്ചിരുന്നു. പിന്നീട് ഈ പോസ്റ്റുകൾ പിൻവലിക്കുകയും ചെയ്തു.
