സുരേഷ് ഗോപി ചിത്രം ‘ജെ എസ് കെ’യുടെ പ്രദർശനം നിഷേധിച്ച് സെൻസർ ബോർഡ്; റിലീസ് അനിശ്ചിതത്വത്തിൽ

പ്രവീൺ നാരായണന്റെ സംവിധാനത്തിൽ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമായ ‘ജെഎസ്കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ റിലീസ് അനിശ്ചിതത്തിൽ. ചിത്രത്തിന്റെ റിലീസ് അനുമതി സെൻസർ ബോർഡ് നിഷേധിച്ചു. സിനിമയുടെ പേര് മാറ്റണമെന്നാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. സിനിമയിലെ ജാനകി എന്ന പേര് മാറ്റണമെന്നാണ് നിർദ്ദേശം.

അതേസമയം, പേര് മാറ്റാൻ കഴിയില്ലെന്ന നിലപാടിൽ ആണ് നിർമ്മാതാക്കൾ. ഇതോടെയാണ് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയില്ലെന്ന തീരുമാനത്തിലെത്തിയത്. ജൂൺ 27 നാണു സിനിമയുടെ വേൾഡ് വൈഡ് റിലീസ് തീരുമാനിച്ചിരുന്നത്. അതേസമയം, ചിത്രത്തിന്റെ സർട്ടിഫിക്കേഷൻ നേരത്തെ പൂർത്തിയായിരുന്നു. U/A 13+ റേറ്റിങ് ആയിരുന്നു സിനിമയ്ക്ക് ലഭിച്ചിരിക്കുകയാണ്. ചിത്രത്തിന് ഒരു കട്ട്സ് പോലുമില്ലാതെ മികച്ച അഭിപ്രായമാണ് സെൻസർ ബോർഡ് നൽകിയത്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ ഫനീന്ദ്ര കുമാർ ആണ്.

ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതായി സംവിധായകൻ പ്രവീൺ നാരായണനും ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ജസ്റ്റിസ് ഫോർ ജാനകി എന്ന ഹാഷ്ടാഗും സംവിധായകൻ പോസ്റ്റിനൊപ്പം കൂട്ടിച്ചേർത്തിരുന്നു.


അനുപമ പരമേശ്വരനെ കൂടാതെ ദിവ്യപിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരും ചിത്രത്തിൽ നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, രതീഷ് കൃഷ്ണന്‍, ഷഫീര്‍ ഖാന്‍, മഞ്ജുശ്രീ നായര്‍, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ എന്നിവരാണ് മറ്റു താരങ്ങള്‍.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: