തിരുവനന്തപുരം: വയനാട്ടിലേത് തീവ്രസ്വഭാവമുള്ള ദുരന്തമാണെന്ന് കേന്ദ്രം. ചൂരൽമല ഉരുൾ പൊട്ടൽ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളം അയച്ച കത്തിന് മറുപടിയായി ആഭ്യന്തരമന്ത്രാലയം ജോയിൻ സെക്രട്ടറി രാജേഷ് ഗുപ്ത റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് ഈ പരാമർശം.
തീവ്രതയും ആഘാതവും കണക്കിലെടുത്ത്, വയനാട് ജില്ലയിലെ ഉരുൾപൊട്ടലിനെ കേന്ദ്രസംഘം ‘അതിതീവ്രമായ’ ദുരന്തമായി തരംതിരിച്ചിട്ടുണ്ടെന്ന് കത്തിൽ പറയുന്നു. വയനാട് ഉരുൾ പൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്നും വയനാട് ജില്ലയിലെ ഉരുൾ പൊട്ടൽ ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ആവശ്യമായ സഹായം കേന്ദ്രസർക്കാർ നൽകണമെന്നും കേരളം നിരന്തരം ഉന്നയിക്കുന്ന ആവശ്യമാണ്.
എന്നാൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചുവെങ്കിലും പ്രത്യേക പുനരധിവാസ പാക്കേജ് വേണമെന്ന ആവശ്യത്തിന് കൃത്യമായ മറുപടി കത്തിൽ നൽകുന്നില്ല. അതിതീവ്രമായ ദുരന്തങ്ങളുണ്ടായാൽ നൽകുന്ന ധനസഹായം സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ട് (എസ്‌ഡിആർഎഫ്) മുഖേന ഇതിനകം നൽകിയിട്ടുണ്ടെന്ന് കത്തിൽ പറയുന്നു. ആവശ്യമെങ്കിൽ, കേന്ദ്രസംഘത്തിൻ്റെ (ഐഎംസിടി) വിലയിരുത്തൽ ഉൾപ്പടെ ശരിയായ നടപടിക്രമങ്ങൾ പാലിച്ചതിന് ശേഷംനാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടിൽ (എൻഡിആർഎഫ്) നിന്ന് അധിക തുക നൽകുമെന്നാണ് കത്തിൽ പറയുന്നത്.
അതേ സമയം മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ കേന്ദ്രസഹായം കിട്ടിയില്ലെങ്കിലും പ്രഖ്യാപിച്ച മുഴുവൻ കാര്യങ്ങളും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2018-ലെ അതിജീവന മാതൃകയാണ് കേരളത്തിന് മുന്നിലുള്ളത്. കൃത്യമായ കണക്ക് നൽകിയിട്ടും കേന്ദ്രം എന്തിനാണ് കേരളത്തോട് ഇത്രയും പക കാട്ടുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം പത്തനംതിട്ട സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിന്റെ സഹായമുണ്ട്. അതൊന്നും സംസ്ഥാനങ്ങൾ കണക്ക് കൊടുത്തിട്ടല്ല. ദുരന്തമുണ്ടായതിന്റെ അടുത്ത ദിവസങ്ങളിൽ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
എന്താണ് കേരളത്തിനുള്ള കുറവ്. എന്താണ് കേരളത്തിനോട് ഇത്ര വലിയ പക. നാം ഇന്ത്യക്ക് പുറത്താണോ?’- മുഖ്യമന്ത്രി ചോദിച്ചു.
കേരളത്തിലെ എല്ലാം എം.പിമാരും ഒന്നിച്ച് കേരളത്തിന്റെ ആവശ്യങ്ങളുയർത്തി. പച്ച നുണയാണ് ആ എം.പിമാരോട് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞത്. പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസസ്മെന്റ്റ് കേരളം കൃത്യമായി നടത്തിയില്ലെന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്. ശുദ്ധ നുണയാണിത്. നമ്മളീ രാജ്യത്തിന്റെ ഭാഗമായ സംസ്ഥാനമല്ലേ. നമ്മളാരോടും യാചിക്കുകയല്ലല്ലോ, നമുക്ക് അർഹതപ്പെട്ടത് ചോദിക്കുകയല്ലേ’ മുഖ്യമന്ത്രി ചോദിച്ചു.

