ദില്ലി : സമൂഹമാധ്യമങ്ങൾക്ക് മേൽ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ. നിയമവിരുദ്ധമെന്ന് സർക്കാർ സംവിധാനങ്ങൾ പറയുന്ന ഉള്ളടക്കം നീക്കം ചെയ്യാനുള്ള സാവകാശം വെട്ടിക്കുറച്ചും എഐ നിർമ്മിത ഉള്ളടക്കത്തിനടക്കം കർശന നിയന്ത്രണം ഏർപ്പെടുത്തിയും 2021ലെ ഐടി നിയമം ഭേദഗതി ചെയ്ത് ഉത്തരവിറക്കി. ഫെബ്രുവരി 20ന് നയം നിലവിൽ വരും. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഉള്ളടക്കം പ്രശ്നമുള്ളതാണ്, നീക്കം ചെയ്യണം എന്ന് സർക്കാർ സംവിധാനം ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ മൂന്ന് മണിക്കൂറിനകം നീക്കം ചെയ്യണം. ഐടി നിയമ ഭേദഗതിയിലെ സുപ്രധാന മാറ്റം ഇതാണ്. മുമ്പ് ഉള്ളടക്കം നീക്കം ചെയ്യാൻ 36 മണിക്കൂർ സമയമുണ്ടായിരുന്നതാണ് കേവലം മൂന്ന് മണിക്കൂറായി വെട്ടിച്ചുരുക്കിയത്.
പൊലീസിൽ ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ മുതൽ മുകളിലേക്കുള്ളവർക്ക് ഉള്ളടക്കം നീക്കം ചെയ്യാൻ ആവശ്യപ്പെടാം. സർക്കാർ ആവശ്യപ്പെട്ടാൽ പോസ്റ്റുകളെക്കുറിച്ചും പോസ്റ്റ് ചെയ്തയാളെക്കുറിച്ചും വിവരങ്ങൾ നൽകാൻ മുൻപ് 24 മണിക്കൂർ സമയമുണ്ടായിരുന്നു, അത് രണ്ട് മണിക്കൂറായി കുറച്ചു. ഉപയോക്താവിന്റെ പരാതികൾ സ്വീകരിക്കാൻ 15 ദിവസം സമയമുണ്ടായിരുന്നത് 7 ദിവസമാക്കി. പരാതി സ്വീകരിച്ച് കഴിഞ്ഞാൽ 36 മണിക്കൂറിനകം പരിഹാരമുണ്ടാക്കുകയും വേണം. നീക്കം സമൂഹമാധ്യമങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. സാങ്കേതികമായും പ്രായോഗികമായും ഈ ആവശ്യങ്ങൾ നടപ്പാക്കുക ബുദ്ധിമുട്ടാണെന്നാണ് അനൗദ്യോഗിക പ്രതികരണം.
രാഷ്ട്രീയ വിമർശനങ്ങളെയടക്കം അടിച്ചമർത്താൻ പുതിയ നയം ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. അതിവേഗം തീരുമാനമെടുക്കാനുള്ള സാങ്കേതിക വിദ്യയും, മനുഷ്യവിഭവശേഷിയും പല സമൂഹമാധ്യമങ്ങൾക്കും ഇപ്പോഴില്ല എന്നതും യാഥാർത്ഥ്യമാണ്. മെറ്റയും എക്സും ഗൂഗിളും ഇത് വരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മറ്റൊരു സുപ്രധാന മാറ്റം എഐ നിർമ്മിത ഉള്ളടക്കവുമായി ബന്ധപ്പെട്ടാണ്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന സിന്തറ്റിക്കലി ജനറേറ്റഡ് ഇൻഫർമേഷൻ, അത് എഐ നിർമ്മിതമോ എഐ ഉപയോഗിച്ച് മാറ്റം വരുത്തിയതോ ആയ ചിത്രങ്ങളോ വീഡിയോയോ ശബ്ദമോ ആകാം.
പ്രത്യേകം മനസ്സിലാകുന്ന രീതിയിൽ ലേബൽ ചെയ്യണമെന്നും പുതിയ നിയമത്തിൽ നിർദ്ദേശമുണ്ട്. അതായത് സമൂഹമാധ്യമം തന്നെ ഉള്ളടക്കം എഐ നിർമ്മിതമെന്ന് രേഖപ്പെടുത്തണം. നിയമവിരുദ്ധമായ സിന്തറ്റിക് കണ്ടന്റുണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും തടയാൻ സമൂഹമാധ്യമങ്ങൾ നടപടിയെടുക്കുകയും വേണം. കുട്ടികളുടെ ദൃശ്യങ്ങളുപയോഗിക്കുന്ന ലൈംഗീക ചുവയുള്ള കണ്ടന്റ്,സആയുധങ്ങൾ കാണിക്കുന്ന കണ്ടന്റ്, മറ്റൊരാളുടെ മുഖമുപയോഗിച്ച് സൃഷ്ടിക്കുന്ന ഡീപ്പ് ഫേക്ക് ദൃശ്യങ്ങളെന്നിവയെല്ലാം നിയമവിരുദ്ധ സിന്തറ്റിക് കണ്ടന്റിന്റെ പരിധിയിൽ വരും.


