ചവറ: ചവറ ബസ് സ്റ്റാൻഡിനു സമീപം ഇൻസുലേറ്റഡ് വാൻ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ചവറ കൊറ്റൻകുളങ്ങര ജംഗ്ഷനിൽ വസ്ത്രവ്യാപാര ശാല നടത്തുന്ന കരുനാഗപ്പള്ളി പടനായർകുളങ്ങര തെക്ക് കൈതവാരത്ത് (രാരീരം) വീട്ടിൽ കിരൺരാജ് (48), ചവറ പുതുക്കാട് കൃഷ്ണാലയത്തിൽ രാധാകൃഷ്ണൻ (52) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ ഇന്നലെ രാത്രി 7.30 നായിരുന്നു അപകടം.
പാൽ കയറ്റി കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ഇൻസുലേറ്റഡ് വാനും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. റോഡിൽ തെറിച്ച് വീണ കിരണിന്റെ ശരീരത്തിലൂടെ വാൻ കയറിയിറങ്ങി. തൽക്ഷണം മരിച്ചു. ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി രാധാകൃഷ്ണനും മരിച്ചു.
സൗമ്യയാണ് കിരണിന്റെ ഭാര്യ. മകൻ: അപ്പു കിരൺ. രാധാകൃഷ്ണന്റെ ഭാര്യ മഞ്ജു (ആശ വർക്കർ ചവറ ഗ്രാമപഞ്ചായത്ത്). മക്കൾ: ഹരികൃഷ്ണൻ, യദുകൃഷ്ണൻ. ഇരുവരുടെയും സംസ്കാരം ഇന്ന് നടക്കും.
ചവറ ബസ് സ്റ്റാൻഡിനു സമീപം ഇൻസുലേറ്റഡ് വാൻ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
