തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പഴന്തി എസ്എൻ കോളേജിൽ അധ്യാപകനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. ബൈക്കിൽ നാലുപേരുമായി സഞ്ചരിച്ചത് ചോദ്യം ചെയ്ത അധ്യാപകനായ ബിജുവിനെ നാല് വിദ്യാർത്ഥികൾ ചേർന്ന് മർദിക്കുകയായിരുന്നു.
വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാൻ കോളേജ് കൗൺസിൽ യോഗം തീരുമാനിച്ചു. അവസാന വർഷ ഗണിതശാസ്ത്ര വിഭാഗം വിദ്യാർഥികളായ സെന്തിൽ, ആദിത്യൻ,ശ്രീജിത്ത്, രണ്ടാം വർഷ സോഷ്യോളജി വിഭാഗം വിദ്യാർതഥി അശ്വിൻ ദേവ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.നാല് പേർ യാത്ര ചെയ്ത ബൈക്ക്, കോളേജ് വളപ്പിൽ കയറ്റിയത് വിലക്കിയതിനാണ് അധ്യാപകനായ ബിജുവിനെ വിദ്യാർത്ഥികൾ കൈയേറ്റം ചെയ്തത്.
കേസിൽ പ്രതി ചേർത്തതോടെയാണ് അച്ചടക്ക നടപടി. പ്രതികളായ എസ്എഫ്ഐ പ്രവർത്തകർ ഒളിവിലാണ്. ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേ സമയം അധ്യാപകൻ ശരീരനിറം വിളിച്ച് കളിയാക്കിയെന്നാരോപിച്ച് പുതിയൊരു പരാതി ഒരു വിദ്യാർത്ഥി കഴക്കൂട്ടം സ്റ്റേഷനിൽ നൽകി. വിദ്യാർത്ഥികൾക്കെതിരെ കേസ് എടുത്തതിന് പിന്നാലെയാണ് പുതിയ പരാതി നൽകിയിരിക്കുന്നത്.

