ചെങ്ങന്നൂര്‍: രാസലഹരി വില്പനയ്‌ക്കെത്തിയ സംഘത്തെ കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് യുവാക്കളാണ് പിടിയിലായത്.
ചെങ്ങന്നൂര്‍ കല്ലിശ്ശേരി സ്വദേശികളായ ജെത്രോ വര്‍ഗ്ഗീസ് (27), സഹോദരന്‍ ജൂവല്‍ വര്‍ഗ്ഗീസ് (31), സുഹൃത്ത് സോനു രാജു (32) എന്നിവരെ കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും 3.5 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.
ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഇവരുടെ കാര്‍ എക്‌സൈസുകാരെ കണ്ട് വേഗത്തിലെടുത്ത് മുന്നോട്ട് പോകുവാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
ചെറിയ പ്ലാസ്റ്റിക് സിബ് ലോക് കവറുകളില്‍ ആക്കിയാണ് ഇവര്‍ എംഡിഎംഎ വില്പനയ്ക്ക് കൊണ്ടുവന്നത്. പ്രതികളെല്ലാവരും ബിരുദാനന്തര ബിരുദമുള്ളവരും അധ്യാപനം അടക്കമുള്ള ജോലികള്‍ ചെയ്യുന്നവരുമാണ്.
ബാംഗളൂരില്‍ നിന്നാണ് ഇവര്‍ മയക്കുമരുന്ന് കൊണ്ടുവന്നിരുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
റെയ്ഡില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ജി) മാരായ കെ.ആര്‍ ബിനോദ്, അനു വി. ഗോപിനാഥ്, പ്രിവന്റീവ് ഓഫീസര്‍മാരായ വിനോദ് കെ.എന്‍, രാജേഷ് .എസ്, കെ.സി ബൈജുമോന്‍, പ്രിവന്റീവ് ഓഫീസര്‍ (ജി) നിഫി ജേക്കബ് , ആരോമല്‍ മോഹന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനോദ് കുമാര്‍ .വി, സജീവ് കെ.എല്‍, ശ്യാം ശശിധരന്‍, പ്രദീപ് എം.ജി, പ്രശോഭ് കെ.വി, അജു, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സബിത കെ.വി, എക്‌സൈസ് ഡ്രൈവര്‍മാരായ അജയകുമാര്‍, അനില്‍ എന്നിവരും പങ്കെടുത്തു.

