കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികളുമായി സംവദിക്കുന്ന മുഖാമുഖ പരിപാടിയായ ‘നവകേരള കാഴ്‌ചപ്പാടുകൾ’ പരിപാടിക്ക് ഇന്ന് തുടക്കം. ആദ്യ പരിപാടി കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ വച്ചുള്ള വിദ്യാർത്ഥി സംഗമത്തോടെ ആരംഭിക്കും. സർവകലാശാലകളിൽ നിന്നും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ കോളേജുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.

“കഴിഞ്ഞ ഏതാനും വർഷമായി ഉന്നതവിദ്യാഭ്യാസ മേഖലയിൽ നാം കൈവരിക്കുന്ന നേട്ടങ്ങൾ വളരെ പ്രതീക്ഷ ഉണർത്തുന്നതാണ്. വിദേശരാജ്യങ്ങളിൽ നിന്നടക്കം കേരളത്തിലെ സർവകലാശാലകളിലേക്ക് വലിയ അളവിൽ വിദ്യാർഥികൾ അപേക്ഷ സമർപ്പിക്കുന്നു. നാക് അക്രഡിറ്റേഷനിൽ A++ ഗ്രേഡ് കരസ്ഥമാക്കാൻ നമ്മുടെ സർവകലാശാലകൾക്ക് സാധിച്ചു. ക്യാമ്പസുകളിൽ ഗവേഷണ വിദ്യാർഥികൾക്ക് ബന്ധപ്പെട്ട മേഖലയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി ക്യാമ്പസ് ഇന്റസ്ട്രിയൽ പാർക്ക് യാഥാർത്ഥ്യമാകാൻ പോകുകയാണ്. ഇതിനൊപ്പം മറ്റെന്തൊക്കെ മാറ്റങ്ങളാണ് നടപ്പിലാക്കേണ്ടത് എന്ന് പറയേണ്ട ഒരു കൂട്ടർ വിദ്യാർഥികൾ തന്നെയാണ്. അവരുടെ പങ്കാളിത്തത്തോടെ വൈജ്ഞാനിക സമ്പദ് വ്യവസ്ഥ നിർമ്മിച്ചെടുക്കാനുള്ള കേരളത്തിന്റെ യാത്രയിൽ ക്യാമ്പസുകളുടെ പരിവർത്തനം എങ്ങനെയായിരിക്കണമെന്ന ചർച്ച നമുക്ക് സംഘടിപ്പിക്കാം”. ഈ മുഖാമുഖം അതിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാമെന്ന് മന്ത്രി രാജീവ് പറഞ്ഞു.
