മരണപ്പെട്ട പിതാവിന്റെ സ്വത്തിന്റെ പേരിൽ തമ്മിൽ തല്ലി മക്കൾ. വഴക്ക് കേസിലേക്കും കോടതിയിലേക്കും നീങ്ങിയപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളും. സംഭവം നടന്നത് ചൈനയിലെ ടിയാൻജിൻ നഗരത്തിലായിരുന്നു. മരണപ്പെട്ട അച്ഛന് 3.6 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്നു. ഇതേചൊല്ലിയാണ് മകളും മകനും തമ്മിൽ തർക്കവും വഴക്കുമുണ്ടായത്. എന്നാൽ, അവസാനം കേസിന് പോയപ്പോൾ പുറത്ത് വന്നത് മകനെ തകർത്ത് കളയാൻ പാകത്തിനുള്ള ഒരു വലിയ രഹസ്യമായിരുന്നുവെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
2025 മാർച്ചിലാണ് സൺ എന്ന കുടുംബനാഥൻ മരണപ്പെട്ടത്. മരിക്കുന്നതിന് മുമ്പ്, 3.6 കോടി രൂപയുടെ സ്വത്തിന്റെ ഉടമസ്ഥാവകാശം അദ്ദേഹം തന്റെ മകന് മാത്രമായി കൈമാറുകയും ചെയ്തിരുന്നു. 1966 -ൽ താനും ഭാര്യയും ചേർന്ന് ദത്തെടുത്ത മകൾക്ക് ന്യായമായ ഒരു തുക നൽകാനും സൺ മകനോട് നിർദ്ദേശിച്ചിരുന്നു. ‘മകളെ ഞങ്ങൾ ദത്തെടുത്തതാണ്. പക്ഷേ, എപ്പോഴും അവളെ ഞങ്ങളുടെ സ്വന്തംമകളെ പോലെ തന്നെയാണ് ഞങ്ങൾ പരിഗണിച്ചിരുന്നത്. എന്നാൽ ഞങ്ങളെ അവസാനകാലം വരെ നോക്കിയത് ഞങ്ങളുടെ മകനാണ്. അതിനാൽ വീട് അവന് നൽകുന്നു. പക്ഷേ, അവൻ തന്റെ സഹോദരിക്ക് ന്യായമായ എന്തെങ്കിലും നൽകണം. രണ്ടുപേർക്കും ശരിക്കും സഹോദരങ്ങളെപ്പോലെ കഴിയാനാവുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു സൺ തന്റെ മക്കൾക്ക് നൽകിയ നിർദേശം.
എന്നാൽ പിതാവിന്റെ ഈ പ്രസ്താവനയെ സണിന്റെ മകൾ അംഗീകരിച്ചിരുന്നില്ല. രേഖകളിൽ പിതാവിന്റെ ഒപ്പ് മാത്രമേ ഉള്ളുവെന്നും അമ്മയുടെ ഷെയർ കൂടി ഇതിലുണ്ട് എന്നുമായിരുന്നു അവളുടെ വാദം. ഇത് പിന്നീട് നിയമപോരാട്ടമാവുകയും കേസ് നങ്കായ് ഡിസ്ട്രിക്റ്റ് പീപ്പിൾസ് കോടതിയിലെത്തുകയും ചെയ്തു.
എന്നാൽ കോടതിയിൽ വെച്ചാണ് അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങളുണ്ടായത്. എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് തന്റെ സഹോദരനെയും ദത്തെടുത്തതാണ് എന്ന് കാണിക്കുന്ന രേഖകൾ യുവതി കോടതിയിൽ ഹാജരാക്കി. തന്നെയും മാതാപിതാക്കൾ ദത്തെടുത്തതായിരുന്നു എന്ന വിവരം അപ്പോഴാണ് യുവതിയുടെ സഹോദരൻ അറിയുന്നത്. അയാൾ തകർന്നുപോയി. കോടതി മുറിയിൽ നിന്നുകൊണ്ട് അയാൾ പൊട്ടിക്കരഞ്ഞുപോയി. പക്ഷെ 1990 -കൾ മുതലുള്ള കുടുംബചിത്രങ്ങളിലൊന്നും യുവാവിന്റെ സഹോദരിയുണ്ടായിരുന്നില്ല. ഇവർ നേരത്തെയും സ്വത്തിന്റെ കാര്യം പറഞ്ഞ് വീട്ടിൽ നിന്നും പിണങ്ങി പോയിരുന്നു. അവസാനകാലം വരെ തങ്ങളുടെ മാതാപിതാക്കളെ താനാണ് പരിപാലിച്ചതെന്നാണ് യുവാവിന്റെ വാദം.
കേസിൽ അവസാനം കോടതി ഒരു ഉത്തരവിട്ടു. ഈ സ്വത്ത് പാരമ്പര്യസ്വത്തല്ല. അതിനാൽ വീട് യുവാവിന് കൈവശം വൈക്കാമെന്നും എന്നാൽ ഇയാൾ സഹോദരിക്ക് 55 ലക്ഷം രൂപ നൽകണം എന്നുമായിരുന്നു കോടതി വിധിച്ചത്.