മാതാപിതാക്കളോട് മോശമായി പെരുമാറുന്ന മക്കൾ വീടിന് പുറത്ത്;
സംസ്ഥാനത്ത് നിയമ ഭേദഗതി വരുന്നു



തിരുവനന്തപുരം: പ്രായമായ മാതാപിതാക്കളെ അവഗണിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യുന്ന മക്കളും പിന്തുടര്‍ച്ചാവകാശികളും സൂക്ഷിക്കുക. വയോജനങ്ങള്‍ പരാതി നല്‍കിയാല്‍ നിങ്ങള്‍ വീടിന് വെളിയിലാവും. മക്കളുടെയോ പിന്തുടര്‍ച്ചാവകാശിയുടെയോ പീഡനത്തിനിരയായാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരെ വീട്ടില്‍ നിന്നൊഴിവാക്കാനുള്ള അവകാശം നല്‍കുന്ന നിയമഭേദഗതിക്കാണ് സര്‍ക്കാര്‍ സമിതിയുടെ ശുപാര്‍ശ.

2009-ലെ ‘കേരള മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് പേരന്റ്സ് ആന്‍ഡ് സീനിയര്‍ സിറ്റിസണ്‍സ് റൂള്‍സ്’ ഭേദഗതിക്കായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശയിലാണ് പുതിയ നിര്‍ദേശം. വയോജന സംരക്ഷണത്തിന് കര്‍ശന നടപടികളാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

പരിപാലിക്കാതിരിക്കുകയോ പീഡിപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യുന്ന മക്കളെയും പിന്തുടര്‍ച്ചാവകാശിയെയും വീട്ടില്‍നിന്നൊഴിവാക്കാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നല്‍കാം. ഈ അപേക്ഷ 15 ദിവസത്തിനകം ജില്ലാ മജിസ്‌ട്രേറ്റ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനു കൈമാറണം. അദ്ദേഹം 21 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. പരാതി ന്യായമെന്നു കണ്ടാല്‍, ജില്ലാ മജിസ്‌ട്രേറ്റ് ബന്ധപ്പെട്ടവര്‍ക്കു നോട്ടീസ് നല്‍കും. അത് ലഭിച്ച് 30 ദിവസത്തിനകം വീട്ടില്‍നിന്നു മാറിയില്ലെങ്കില്‍ മജിസ്‌ട്രേറ്റിനു പൊലീസ് സഹായത്തോടെ ഒഴിപ്പിക്കല്‍ നടപടികളിലേക്കു നീങ്ങാം. മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെതിരെ എതെങ്കിലും തരത്തിലുള്ള ആക്ഷേപം ഉണ്ടെങ്കില്‍ അത് പരിഗണിക്കാനുള്ള അധികാരം ഹൈക്കോടതിക്കായിരിക്കും.

വയോജനസുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പ്രത്യേക പോലീസ് സെല്‍ വേണമെന്നും ഇതിനായി ഓരോ സ്റ്റേഷനിലും പ്രത്യേകം പൊലീസുകാരനെ ചുമതലപ്പെടുത്തണമെന്നും ശുപാര്‍ശയില്‍ പറയുന്നു. തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴില്‍ ‘സീനിയര്‍ സിറ്റിസണ്‍ കമ്മിറ്റി’ രൂപവത്കരിക്കണം.

വയോജനസുരക്ഷ ഉറപ്പാക്കാന്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ജില്ലകളില്‍ സ്പെഷ്യല്‍ പൊലീസ് യൂണിറ്റ് സ്ഥാപിക്കാനും ശുപാര്‍ശയുണ്ട്. രണ്ടുപേര്‍ സ്ത്രീകളടക്കം അഞ്ച് സാമൂഹികപ്രവര്‍ത്തകരും അതിലുണ്ടാവണം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: