ഇടുക്കി: കൗൺസിലിങ്ങിന് എത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ. ഇടുക്കി പെരുവന്താനത്താണ് സംഭവം. പാലൂർക്കാവ് സിഎസ്ഐ പള്ളിയിലെ വികാരി കോട്ടയം വെള്ളൂർ സ്വദേശി സന്തോഷ് ആണ് പിടിയിലായത്. ഒളിവിൽ പോയ പ്രതിയെ വേളാങ്കണ്ണിയിൽ നിന്നാണ് പിടികൂടിയത്.
കഴിഞ്ഞ മാസം 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിയെ പള്ളിമേടയിലേക്ക് കൂട്ടിക്കൊണ്ട് പോയശേഷം അവിടെ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. പീഡന വിവരം പെൺകുട്ടി വീട്ടുകാരോട് പറയുകയായിരുന്നു. തുടർന്ന് വീട്ടുകാരാണ് പെരുവന്താനം പോലീസിൽ പരാതി നൽകിയത്. കേസെടുത്തതിന് പിന്നാലെ സന്തോഷ് ഒളിവിൽ പോവുകയായിരുന്നു.
മൊബൈൽ ഫോൺ സിഗ്നൽ ഉൾപ്പെടെ പരിശോധിച്ച പോലീസ് ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായി കണ്ടെത്തി. തുടർന്ന് പെരുവന്താനം സിഐക്ക്, ഇയാൾ വേളാങ്കണ്ണിയിൽ ഉണ്ടെന്ന് രഹസ്യവിവരം ലഭിച്ചു. പിന്നാലെ പെരുവന്താനം പോലീസ് വേളാങ്കണ്ണിയിലെത്തി സന്തോഷിനെ പിടികൂടുകയായിരുന്നു.


