ഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2025 ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് നേടിയത് അനുജ് അഗ്നിഹോത്രിയാണ്. രണ്ടാം റാങ്ക് രാജേശ്വരി സുവേക്കാണ്. ആദ്യ ഇരുപതിൽ മലയാളത്തിളക്കമുണ്ടെന്നാണ് വിവരം. മലയാളിയായ എസ് ശ്രുതി 18ാം റാങ്ക് നേടി. തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെഎസ് ശ്രീജയ്ക്ക് 57ാം റാങ്കാണുള്ളത്. തിരുവനന്തപുരം സ്വദേശി അജയ് രാജ് 109ാം റാങ്കും നേടി. മലയാളിയായ സിദ്ധാര്‍ത്ഥ എം ജോയി 271ാം റാങ്കും നേടി. പ്രിലിമിനറി, മെയിൻ, പേഴ്സണാലിറ്റി ടെസ്റ്റ് എന്നീ മൂന്ന് ഘട്ടങ്ങൾക്കും ശേഷമുള്ള പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രിലിമിനറി, മെയിൻ, പേഴ്സണാലിറ്റി ടെസ്റ്റ് എന്നീ മൂന്ന് ഘട്ടങ്ങൾക്കും ശേഷം രാജ്യമെമ്പാടുമുള്ള ഉദ്യോഗാർത്ഥികൾ അന്തിമ റാങ്ക് ലിസ്റ്റിനായി കാത്തിരിപ്പിലായിരുന്നു. കമ്മീഷന്‍റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിൽ ഫലം പരിശോധിക്കാൻ കഴിയും. 2025 മെയ് 25 ന് നടന്ന പ്രിലിമിനറി പരീക്ഷയോടെയാണ് പരീക്ഷാ പ്രക്രിയ ആരംഭിച്ചത്. ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 31 വരെ മെയിൻ പരീക്ഷ നടന്നു. അവസാന ഘട്ടമായ പേഴ്സണാലിറ്റി ടെസ്റ്റ് അഥവാ അഭിമുഖം ഈ വർഷം ഫെബ്രുവരി 27 ന് അവസാനിച്ചു. അഭിമുഖം അവസാനിച്ച് ഏകദേശം ഒരാഴ്ചയ്ക്കുള്ളിൽ യു പി എസ് സി അന്തിമ ഫലം പ്രഖ്യാപിക്കാറുണ്ട്. പതിവു തെറ്റിക്കാതെ ഇത്തവണയും ഒരാഴ്ചയ്ക്കുള്ളിൽ പരീക്ഷാഫലം പ്രഖ്യാപിച്ചു.
യുപിഎസ്‌സി സി എസ് ഇ അന്തിമഫലം ‘ഫൈനൽ റിസൾട്ട്’ വിഭാഗത്തിൽ പിഡിഎഫായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെറിറ്റ് ക്രമത്തിൽ ഉദ്യോഗാർത്ഥികളുടെ പേരുകളും റോൾ നമ്പറുകളും കാണാൻ കഴിയും. ഐഎഎസും ഐഎഫ്എസും ഐപിഎസും അടക്കം 23 പോസ്റ്റുകളിലേക്കാണ് നിയമനം.


