Headlines

മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ സംഘർഷം

മുംബൈ: പതിനേഴാം നൂറ്റാണ്ടിലെ മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ സംഘർഷം. നാഗ്പൂരിൽ ഹിന്ദുത്വ സംഘടനകൾ നടത്തിയ മാർച്ചിനെത്തുടർന്നുണ്ടായ കല്ലേറിലും അക്രമത്തിലും നിരവധി പേർക്ക് പരിക്കേറ്റു. 10 ആന്‍റി റയട്ട് കമാൻഡോസ്, രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, രണ്ട് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ എന്നിവർക്കും പരിക്കുണ്ട്. നിരവധി വാഹനങ്ങൾക്ക് തീയിട്ടു. സംഘർഷത്തിൽ 50 പേരെ അറസ്റ്റ് ചെയ്തു. പ്രദേശത്ത് വിവിധ സേനകളെ വിന്യസിച്ചിരിക്കുകയാണ്. നാഗ്പൂരിലെ ചില ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമികളെ കണ്ടെത്താൻ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.

ബി.എൻ.എസ് സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തിയതായി നാഗ്പുർ പൊലീസ് കമീഷണർ രവീന്ദർ കുമാർ സിംഗാൾ അറിയിച്ചു. കോട്വാലി, ഗണേഷ്പേട്ട്, തെഹ്സിൽ, ലക്കഡ്ഗഞ്ച്, പച്പവോലി, ശാന്തിനഗർ, സക്കർദാര, നന്ദൻവൻ, ഇമാംവദ, യശോധരനഗർ, കപിൽനഗർ എന്നിവടങ്ങളിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. മറ്റൊരറിയിപ്പ് വരുന്നതുവരെ നിയന്ത്രണം തുടരും. 17-ാം നൂറ്റാണ്ടിലെ മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്‍റെ ശവകുടീരം മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. നേരത്തെ ഔറംഗാബാദ് എന്നായിരുന്നു ഛത്രപതി സംഭാജിനഗറിന്‍റെ പേര്.

അക്രമികൾ നാഗ്പൂരിൽനിന്നുള്ളവരല്ലെന്നും പുറത്തുനിന്നെത്തിയ ചിലരാണ് അക്രമം നടത്തിയതെന്നും മഹാരാഷ്ട്ര ന്യൂനപക്ഷ കമീഷൻ ചെയർമാൻ പ്യാരേ ഖാൻ പറഞ്ഞു. സമാധാനം പാലിക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ജനങ്ങളോട് ആവശ്യപ്പെട്ടു.

അക്രമ സംഭവത്തിൽ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാറിനെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് പവൻ ഖേര രംഗത്തെത്തി. ക്രമസമാധാനം പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും 300 വർഷത്തെ സാമുദായിക ഐക്യത്തിന്റെ ചരിത്രമുള്ള നഗരത്തിൽ ഇത്തരമൊരു അസ്വസ്ഥത എങ്ങനെ സംഭവിച്ചുവെന്നും അദ്ദേഹം ചോദിച്ചു. ചില രാഷ്ട്രീയ പാർട്ടികൾ സ്വന്തം നേട്ടങ്ങൾക്കായി മനഃപൂർവം സംഘർഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മറാത്ത ചക്രവർത്തി ശിവജിയുടെ ജന്മദിനമായ തിങ്കളാഴ്ച ശിവജി ചൗക്കിൽ ശിവജി ഭക്തർ തടിച്ചുകൂടിയിരുന്നു. ഇതിനിടെ ചത്രപതി സംബാജിനഗറിലെ (ഔറംഗാബാദ്) ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും പ്രതിഷേധം നടത്തി. ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നും അല്ലെങ്കില്‍ ബാബരി മസ്ജിദിന്റെ സ്ഥിതി ആവർത്തിക്കുമെന്നും വിശ്വഹിന്ദു പരിഷത്തും ബജ്റംഗ് ദളും ഭീഷണി മുഴക്കി. ഔറംഗസീബിന്റെ ശവകുടീരത്തിന്റെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. വൈകുന്നേരം ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടാകുകയും ഇത് കല്ലേറിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന് നടന്ന അക്രമത്തിൽ നിരവധി വാഹനങ്ങൾക്ക് തീയിട്ടു. 40 വാഹനങ്ങൾ നശിപ്പിച്ചെന്നാണ് വിവരം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: