ചെന്നൈ: തമിഴ്നാട്ടിൽ സഹപാഠികളുടെ മർദ്ദനത്തിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടു. പെണ്‍കുട്ടികളോട് സംസാരിച്ചതിനെ തുടര്‍ന്ന് ഉണ്ടായ വഴക്കാണ് കൊലപാതകത്തിൽ ചെന്നെത്തിയത്. തമിഴ്‌നാട്ടിലെ ഈറോഡ് കുമലൻകുട്ടൈയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ എസ്. ആദിത്യയാണ് മരിച്ചത്. സംഭവത്തില്‍ 17 വയസ്സുള്ള രണ്ട് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളെ ഈറോഡ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച വൈകുന്നേരം 4.30 ഓടെ സ്കൂളിന് എതിർവശത്തുള്ള ഒരു തെരുവിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ ആദിത്യയെ കണ്ടെത്തുകയായിരുന്നു. ആ ദിവസം കുട്ടി ക്ലാസ്സിൽ പോയിരുന്നില്ല. കുട്ടിയെ ഗവൺമെന്റ് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരിച്ചതായി പ്രഖ്യാപിച്ചു.
ബയോളജി ഗ്രൂപ്പ് വിദ്യാര്‍ഥിയായിരുന്നു ആദിത്യ. ഇവരുടെ ക്ലാസിലെ പെണ്‍കുട്ടികളോട് സംസാരിച്ചതിനെ ചൊല്ലി ആദിത്യയും മറ്റു വിദ്യാര്‍ഥികളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും രണ്ട് പ്രതികളുടെ നേതൃത്വത്തിലുള്ള സംഘം ആദിത്യയെ ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ പിതാവിനെ വിവരമറിയിക്കുകയായിരുന്നു. മറ്റ് ഗ്രൂപ്പുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായി വഴക്കുണ്ടായതായി ആദിത്യ ഒരാഴ്ച മുന്‍പ് പിതാവായ ശിവയെ അറിയിച്ചിരുന്നു. ആദിത്യ പ്രതികളുടെ ക്ലാസിലെ പെണ്‍കുട്ടികളോട് സംസാരിക്കരുതെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
ഒരു ആഴ്ച മുമ്പ് തന്റെ മകൻ ക്ലാസ്സിലെ പെൺകുട്ടികളോട് സംസാരിക്കരുതെന്ന് രണ്ട് ആൺകുട്ടികൾ മുന്നറിയിപ്പ് നൽകിയതായി ശ്രീ ശിവ തന്റെ പരാതിയിൽ പറഞ്ഞു. തന്റെ മകനെ ഒരു കൂട്ടം വിദ്യാർഥികൾ ആക്രമിക്കുന്നതായി പ്രദേശത്തെ ഒരു വീട്ടുടമസ്ഥൻ ഫോണിൽ വിളിച്ച് അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ആദിത്യയുടെ സുഹൃത്തുക്കളില്‍ നിന്നും മറ്റ് വിദ്യാര്‍ഥികളില്‍ നിന്നുമുള്ള മൊഴികളുടെ അടിസ്ഥാനത്തിലാണ് രണ്ട് വിദ്യാര്‍ഥികളെ കസ്റ്റയിലെടുത്തത്.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 103 (കൊലപാതകം), 296 (ബി) (പൊതുസ്ഥലങ്ങളിൽ അശ്ലീല വാക്കുകൾ ഉച്ചരിക്കുക) എന്നിവ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും രണ്ട് വിദ്യാർഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി, തുടര്‍ന്ന് കോയമ്പത്തൂര്‍ ജില്ലയിലെ ഒരു നിരീക്ഷണ ഭവനത്തിലേക്ക് അയച്ചു.
