തിരുവനന്തപുരം: സഹപ്രവർത്തക വസ്ത്രം മാറുന്നത് മൊബൈലിൽ പകർത്തിയ ജലഗതാഗത വകുപ്പ് ജീവനക്കാരൻ അറസ്റ്റിൽ. കാര്യവട്ടം പാട്ടുവിളാകം മോഴിത്തല വീട്ടിൽ ശ്രീകണ്ഠൻ നായരാണ്(54) പിടിയിലായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ സൗത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ജലഗതാഗതവകുപ്പിന്റെ ആലപ്പുഴ ഡോക്ക് യാർഡിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വനിതകളുടെ ടോയ്‌ലെറ്റിൽ കയറി യുവതി യൂണിഫോം മാറുന്നതിനിടെയാണ് ശ്രീകണ്ഠൻ നായർ ദൃശ്യം തന്റെ മൊബൈലിൽ പകർത്തിയത്. അടുത്തുള്ള പുരുഷന്മാരുടെ ടോയ്‌ലെറ്റിന്റെ മുകൾ ഭിത്തിയിലൂടെ വീഡിയോ പകർത്തുന്നത് ജീവനക്കാരിയുടെ ശ്രദ്ധയിൽപെട്ടു. ഉടൻ പുറത്തിറങ്ങി ബഹളമുണ്ടാക്കി ഡോക്കിലെ മെക്കാനിക്കൽ എൻജിനിയറോട് വിവരം പറഞ്ഞു. മെക്കാനിക്കൽ എൻജിനിയർ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ ഫോണുകൾ പരിശോധിച്ചതിൽ നിന്നാണ് ശ്രീകണ്ഠൻ നായരുടെ ഫോണിൽ നിന്ന് വീഡിയോ ലഭിച്ചത്. ഉടൻ സൗത്ത് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

