ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ വെള്ളം കയറി മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. ഡൽഹി ഓൾഡ് രാജീന്ദ്ര നഗറിലെ റാവൂസ് എന്ന സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലാണ് ദുരന്തമുണ്ടായത്. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് മരിച്ചത്. കോച്ചിംഗ് സെന്ററിൽ നിരവധി വിദ്യാർത്ഥികൾ കുടുങ്ങിയെന്നാണ് റിപ്പോർട്ട്.
ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. കനത്ത മഴയെ തുടർന്ന് ഓടയിലും റോഡിലുമുണ്ടായ വെള്ളം മൂന്നുനില കെട്ടിടത്തിന്റെ ബേസ്മെന്റിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു. ബേസ്മെന്റ് മുഴുവനായി തന്നെ വെള്ളത്തിൽ മുങ്ങി. ഇതോടെ ഇവിടെ പഠിക്കാനെത്തിയ വിദ്യാർത്ഥികൾ വെള്ളത്തിൽ കുടുങ്ങിപ്പോകുകയായിരുന്നു.
അഗ്നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റുകളും ദേശീയ ദുരന്ത പ്രതികരണ സേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പൂർണമായി വെള്ളത്തിൽ മുങ്ങിയ ബേസ്‌മെന്റിൽ മുങ്ങൽ വിദഗ്ധർ പരിശോധന തുടരുകയാണ്. അഗ്നിരക്ഷാസേന മോട്ടോർ പമ്പുകൾ ഉപയോഗിച്ച് വെള്ളം വറ്റിക്കാനുള്ള ശ്രമം തുടരുകയാണ്. മൂന്നുനില കെട്ടിടത്തിന്റെ മുകളിലെ നിലകളിലുള്ളവർ സുരക്ഷിതരാണ്.
ഡ്രെയിനേജ് തകർന്നതാണ് ബേസ്‌മെന്റിലേക്ക് വെള്ളം കയറാൻ കാരണമെന്നാണ് പറയപ്പെടുന്നത്. ഡൽഹിയിൽ കനത്ത മഴയാണ് പെയ്യുന്നത്. അതേസമയം സംഭവത്തിൽ ഡൽഹി സർക്കാർ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു.

