ആലപ്പുഴ: ആലപ്പുഴ നൂറനാട് ഒരു നാലംഗ കുടുംബത്തെ സി.പി.എം പ്രാദേശിക നേതാക്കൾ ഭീഷണിപ്പെടുത്തി കുടിയൊഴിപ്പിക്കാൻ ശ്രമിച്ചതായി പരാതി. കൈക്കുഞ്ഞടക്കം താമസിക്കുന്ന വീട്ടിൽ പാർട്ടി കൊടി നാട്ടി വീട് പൂട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ആദിക്കാട്ടുകുളങ്ങര സ്വദേശികളായ അർഷാദ്, ഭാര്യ റജൂല, ഇവരുടെ രണ്ട് മക്കൾ എന്നിവർക്കാണ് ദുരനുഭവം നേരിട്ടത്. സി.പി.എം പാലമേൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി നൗഷാദ്, മുഹമ്മദലി, അൻഷാദ് എന്നിവർക്കെതിരെ കുടുംബം നൂറനാട് പോലീസിൽ പരാതി നൽകി. പോലീസെത്തിയാണ് വീട് തുറന്നു നൽകിയത്.
മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ഈ കുടുംബം ഇവിടെ താമസത്തിനെത്തിയത്. ഇന്ന് കുട്ടികളുമായി ആശുപത്രിയിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് വീട് പൂട്ടിയ നിലയിലും പാർട്ടി കൊടി നാട്ടിയ നിലയിലും കണ്ടത്. നേരത്തെ താമസിച്ചിരുന്ന വാടക വീട്ടിൽ വെള്ളം കയറിയതിനാലാണ് അകന്ന ബന്ധുവിന്റെ ഈ വീട്ടിലേക്ക് താൽക്കാലികമായി മാറിയതെന്ന് കുടുംബം പറയുന്നു.
സംഭവത്തിൽ സി.പി.എം പ്രാദേശിക നേതൃത്വം നൽകുന്ന വിശദീകരണം 2006-ൽ പട്ടയഭൂമിയായി നൽകിയ ഈ സ്ഥലം ഉടമസ്ഥൻ കൈമാറ്റം ചെയ്യാൻ ശ്രമിച്ചത് തങ്ങൾ തടഞ്ഞതാണെന്നാണ്.
എന്നാൽ, സ്ഥലം കൈമാറ്റം ചെയ്തിട്ടില്ലെന്നും ഉടമസ്ഥർ ചികിത്സാർത്ഥം മറ്റൊരിടത്തേക്ക് താമസം മാറിയപ്പോൾ താൽക്കാലികമായി താമസിക്കാൻ എത്തിയതാണെന്നും കുടുംബം വ്യക്തമാക്കുന്നു. ഉടമസ്ഥർ തിരികെ വരുമ്പോൾ ഒഴിഞ്ഞു കൊടുക്കാൻ തയ്യാറാണെന്നും അവർ കൂട്ടിച്ചേർത്തു.
