Headlines

പഞ്ചായത്ത് പ്രസിഡന്റിന് വോട്ട് ചെയ്യാത്തതിന് ബുൾഡോസർ ഉപയോഗിച്ച് വീട് തകർത്തുവെന്ന് പരാതി

റായ്പൂർ: ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയിൽ ഈ വർഷം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് പ്രസിഡന്റിന് വോട്ട് ചെയ്യാത്തതിന് ബുൾഡോസർ ഉപയോഗിച്ച് വീട് തകർത്തുവെന്ന് പരാതി. കുടുംബത്തെ സാമൂഹികമായി ബഹിഷ്കരിക്കുകയും ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്. ഗദാമോദ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഹാജൻ മൻഹാരെയുടെ നിർദേശപ്രകാരമാണ് കുടുംബത്തെ ഗ്രാമം ഒറ്റപ്പെടുത്തുകയും വീട് തകർക്കുകയും ചെയ്തത്.

ഇരയുടെ കുടുംബവും പഞ്ചായത്ത് പ്രസിഡന്റും റായ്പൂരിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയുള്ള ബെമെതാരയിലെ നവഗഡ് തഹസിൽ ഗദാമോദ് ഗ്രാമപഞ്ചായത്തിലെ സത്നാമി (പട്ടികജാതി) സമുദായത്തിൽ പെട്ടവരാണ്. പത്തുപേരടങ്ങുന്ന കുടുംബാംഗങ്ങൾ താമസിച്ചിരുന്ന വിജയ് ലക്ഷ്മി മൻഹാരെയുടെ വീടാണ് തകർത്തത്. അനധികൃതമായി കെെവശപ്പെടുത്തിയ സ്ഥലത്താണ് വീട് നിർമിച്ചതെന്നാരോപിച്ചായിരുന്നു നടപടി. സംഭവത്തിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റിനും ജില്ലാ പൊലീസ് മേധാവിക്കും തഹസിൽദാർക്കും കുടുംബം പരാതി നൽകി.

‘ഞങ്ങൾ പത്ത് പേരടങ്ങുന്ന ഒരു കുടുംബമാണ്, ഭയത്തോടെയാണ് ജീവിക്കുന്നത്. 25 വർഷമായി ഞങ്ങൾ താമസിച്ചിരുന്ന ഞങ്ങളുടെ വീട് മഹാജൻ മൻഹാരെയുടെ നിർദ്ദേശപ്രകാരം, തഹസിൽദാരുടെയും ലോക്കൽ പോലീസ് സ്റ്റേഷൻ ഇൻചാർജിന്റെയും സാന്നിധ്യത്തിൽ ഒരു ബുൾഡോസർ ഉപയോഗിച്ച് നിലംപരിശാക്കി. പഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവിനെ വെല്ലുവിളിക്കാൻ ഞങ്ങൾക്ക് ഒരു അവസരവും നൽകിയില്ല,’ നീതിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, ജില്ലാ പോലീസ് മേധാവി, തഹസിൽദാർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് വിജയ് ലക്ഷ്മി മൻഹാരെ പറഞ്ഞു.

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ട് നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് നേരത്തെ പ്രസിഡന്റ് പറഞ്ഞതായും കുടുംബം ആരോപിക്കുന്നു

സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിപ്രകാരം കുട്ടികൾക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നും ഗ്രാമത്തിലെ മറ്റ് കുട്ടികൾക്കൊപ്പം അവരെ കളിക്കാൻ പോലും അനുവദിക്കുന്നില്ലെന്നും കുടുംബം പറയുന്നു.

അതേസമയം, ഗ്രാമസഭയ്ക്ക് അവരുടെ അധികാരപരിധിയിലുള്ള നിയമനടപടികൾ പാലിച്ച് അനധികൃത കയ്യേറ്റം നീക്കം ചെയ്യാൻ അധികാരമുണ്ടെന്ന് ബെമെതാര ജില്ലാ കളക്ടർ രൺബീർ ശർമ്മ പറഞ്ഞു.’സംഭവത്തെക്കുറിച്ച് ഇപ്പോഴാണ് ഞാൻ അറിഞ്ഞത്. കുടുംബത്തെ സാമൂഹികമായി ബഹിഷ്കരിക്കപ്പെടുന്ന നടപടിയെ ശക്തമായി അപലപിക്കുന്നു. അവർക്കുള്ള സാമൂഹിക ക്ഷേമ പദ്ധതികൾ നിഷേധിക്കാൻ ആർക്കും അവകാശമില്ല. ക്ഷേമ പദ്ധതികൾ നിഷേധിക്കുന്നില്ലെന്ന് ഉറപ്പാക്കും’- കളക്ടർ വ്യക്തമാക്കി.

അതേസമയം ‘അവർ താമസിച്ചിരുന്ന സ്ഥലം വർഷങ്ങൾക്ക് മുമ്പ് ഞങ്ങളുടെ സത്നം ഭവൻ (കമ്മ്യൂണിറ്റി ഹാൾ) നിർമ്മിക്കുന്നതിനായി നീക്കിവച്ചിരുന്നു. ആവർത്തിച്ചുള്ള അറിയിപ്പുകൾ നൽകിയിട്ടും കുടുംബം ഒഴിഞ്ഞിരുന്നില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എന്റെ സ്ഥാനാർത്ഥിത്വത്തിന് അവർ പിന്തുണ നൽകുന്നതിനെക്കുറിച്ച് എനിക്ക് ഒരു പ്രശ്നവുമില്ല, സാമൂഹിക ബഹിഷ്കരണവുമില്ല’, പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: