സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് രമേശ് പിഷാരടിക്കെതിരെ പരാതി

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിക്കെതിരെ പരാതി നൽകി മഹിള മോർച്ച. സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ചാണ് പിഷാരടിക്കെതിരെ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. മഹിളാ മോർച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് പരാതിക്കാരി. പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് ആണ് കവിതാ മേനോൻ പരാതി നൽകിയത്.

പിഷാരടി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്നാണ് മഹിള മോര്‍ച്ചയുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്. രഞ്ജിത്തിന്‍റെ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ പീഡനമൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്, അതിൽ താൻ അഭിപ്രായം പറയുന്നത് ശരിയല്ല, എന്നൊരു പരാമര്‍ശം പിഷാരടി നടത്തി, ഇത് സ്ത്രീവിരുദ്ധമാണ് എന്നാണ് മഹിളാ മോര്‍ച്ചയുടെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. പൊതുരംഗത്ത് പ്രവർത്തിക്കുന്ന ഒരാൾ ഇത്തരം അഭിപ്രായം മുന്നോട്ട് വെക്കുന്നത് ശരിയല്ല. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കണം എന്നാണ് പരാതിയിലുള്ളത്. ബലാൽസംഗങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുക വഴി ബലാത്സംഗത്തിൽ അകപ്പെട്ട ഇരകളെയും സ്ത്രീത്വത്തെയും അവഹേളിക്കുകയാണ് പിഷാരടി ചെയ്തതെന്നും പരാതിയിൽ പറയുന്നു. ഇതിൽ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോൻ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിഷാരടിയെ വടക്കുന്തറയിൽ തടഞ്ഞതിൽ കോണ്‍ഗ്രസ് പരാതി നൽകിയിരുന്നു. സംഭവത്തിൽ ബിജെപി വനിത കൌണ്‍സിലര്‍ ഉള്‍പ്പെടെ 3 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ നടപടികൾ തുടരുന്നതിനിടെയാണ് പിഷാരടിക്കെതിരെ പരാതിയുമായി മഹിള മോര്‍ച്ച രംഗത്തെത്തിയിട്ടുള്ളത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: