മലപ്പുറം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മർദിച്ചതായി പരാതി. സ്കൂളില്‍ വച്ചുണ്ടായ പ്രശ്നങ്ങള്‍ക്ക് പക വീട്ടാനായിരുന്നു ആക്രമിച്ചത്
വടക്കുംമുറി സ്വദേശി മുബീൻ മുഹമ്മദിനാണ് മർദനമേറ്റത്. സ്കൂളില്‍ സഹപാഠികളുമായി മുമ്പുണ്ടായ വാക്കുതർക്കമാണ് മർദനത്തിന് കാരണമെന്ന് പരിക്കേറ്റ മുബീൻ പറഞ്ഞു. മലപ്പുറം മൂർക്കനാട് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മുബീൻ.
സ്കൂളില്‍ ക്രിസ്മസ് പരീക്ഷ നടക്കുന്ന സമയത്ത് മുബീനും സഹപാഠികളും തമ്മില്‍ വാക്കുതർക്കമുണ്ടായി.സ്കൂള്‍ അധികൃതർ ഇടപെട്ടാണ് അന്ന് പ്രശ്നങ്ങള്‍ പരിഹരിച്ചത്. ഇന്നലെ സ്കൂളിലെ കായിക പരിശീലന ക്യാമ്പ് കഴിഞ്ഞു മടങ്ങി വരികയായയിരുന്ന മുബീനെ വിദ്യാർത്ഥികള്‍ സംഘം ചേർന്ന് മർദിച്ചെന്നാണ് പരാതി.
ആറുപേര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്നും ആളില്ലാത്ത സ്ഥലത്ത് വെച്ച് കല്ലുകൊണ്ട് മര്‍ദിക്കുകയായിരുന്നുവെന്നും മുബീൻ മുഹമ്മദ് പറഞ്ഞു.പൊലീസില്‍ പരാതി നല്‍കിയിട്ടും മൊഴിയെടുക്കുന്നതിലടക്കം കാലതാമസമുണ്ടായെന്ന് കുടുംബത്തിന് പരാതിയുണ്ട്. മുബീനെ മർദിച്ചവർക്കെതിരെ ശക്തമായ നടപടിയുണ്ടാവണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സംസ്ഥാന സ്കൂള്‍ കായികമേളയിലടക്കം മെഡല്‍ നേടിയ കായിക താരം കൂടിയാണ് മുബീൻ. കണ്ണിനും തലക്കും പരിക്കേറ്റ മുബീൻ അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തില്‍ അരീക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
