ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയെന്ന പരാതി; കടയ്ക്കൽ പൊലീസ് അന്വേഷണം തുടങ്ങി

കൊല്ലം: കൊല്ലത്ത് ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി നടന്ന ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയെന്ന പരാതിയിൽ കടയ്ക്കൽ പൊലീസ് അന്വേഷണം തുടങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീഭഗവതി, ഭദ്രകാളി ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി നടന്ന ഗാനമേളയാണ് വിവാദത്തിലായത്. സംഭവത്തിൽ ദേവസ്വം ബോർഡ് ദേവസ്വം അസിസ്റ്റന്‍റ് കമ്മീഷ്ണറെ അന്വേഷണത്തിന് ചുമതലപ്പെടുത്തി.അതേസമയം, സംഭവത്തിൽ ആരോപണം തള്ളി ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്‍റ് രംഗത്തെത്തി. പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ദേശഭക്തി ഗാനമാണ് പാടിയതെന്നും അതല്ലാതെ ആരോപണം ഉന്നയിക്കുന്നതുപോലെയുള്ള സംഭവം നടന്നിട്ടില്ലെന്നും ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ് ശ്രീജേഷ് പറഞ്ഞു.സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കോട്ടുക്കൽ സ്വദേശി പ്രതിൻ ആണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ക്ഷേത്ര പരിസരത്ത് ആർഎസ്എസിന്‍റെ കൊടിതോരണങ്ങൾ കെട്ടിയതിൽ ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖിൽ ശശിയും പരാതി നൽകിയിട്ടുണ്ട്.


കഴിഞ്ഞ ദിവസമാണ് ഗാനമേള നടന്നത്. ആളുകളുടെ ആവശ്യപ്രകാരമാണ് ഗണഗീതം പാടിയതെന്നാണ് ഗാനമേള ട്രൂപ്പിലെ അംഗങ്ങള്‍ പറയുന്നത്. കോട്ടുക്കലിലെ ടീം ഛത്രപതി എന്ന സംഘമാണ് ഗാനമേള സ്പോണ്‍സര്‍ ചെയ്തത്. അവര്‍ നേരത്തെ തന്നെ ഈ പാട്ട് പാടണമെന്ന് നിര്‍ദേശിച്ചിരുന്നതായും ഗാനമേള ട്രൂപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. ആര്‍എസ്എസുമായി ബന്ധപ്പെട്ട രണ്ട് പാട്ട് പാടണമെന്നായിരുന്നു ആവശ്യം. എന്നാല്‍, അതിലൊന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് മറുപടി നല്‍കിയിരുന്നു. മറ്റൊരു പാട്ടാണിത്. നാഗര്‍കോവില്‍ ബേര്‍ഡ്സ് എന്ന ഗാനമേള ട്രൂപ്പാണ് പരിപാടി അവതരിപ്പിച്ചത്.





ക്ഷേത്രോത്സവത്തില്‍ ആര്‍.എസ്.എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. ഹൈക്കോടതി വിധിയുടെ ലംഘനമാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും അടിയന്തര നടപടി സ്വീകരിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: