ബസ് യാത്രക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കണ്ടക്ടർ 27 വർഷത്തിന് ശേഷം പിടിയിൽ



      

കൊല്ലം : ബസ് യാത്രക്കാരിയായ യുവതിയെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി 10 പേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുഖ്യപ്രതിയായ കണ്ടക്ടറെ 27 വർഷത്തിന് ശേഷം അഞ്ചൽ പൊലീസ് പിടികൂടി. വർക്കല ശ്രീനിവാസപുരം ലക്ഷ്മി ഭവനിൽ സജീവൻ (54) ആണ് പിടിയിലായത്.

1997 ജൂലൈ 16നായിരുന്നു കേസിനാസ്പദമായ സംഭവം. അഞ്ചൽ -കുളത്തുപ്പുഴ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഉടമയുടെ മകനും കണ്ടക്ടറുമായിരുന്നു സജീവൻ. കുളത്തൂപ്പുഴ ക്ഷേത്ര ദർശനം കഴിഞ്ഞ് ബസിൽ യാത്ര ചെയ്ത അഞ്ചൽ സ്വദേശിയായ യുവതിയെ ഇയാൾ പീഡിപ്പിച്ചുവെന്നാണ് കേസ്. അഞ്ചലിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയെ ഇറക്കിയ ശേഷം കാറിൽ കയറ്റി വർക്കല, പരവൂർ എന്നിവിടങ്ങളിൽ എത്തിച്ച് സ്വകാര്യ ലോഡ്ജുകളിൽ വച്ച് സജീവനും ബസ് ജീവനക്കാരുൾപ്പെടെയുള്ള പത്ത് സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിക്കുകയും ദിവസങ്ങളോളം തടവിൽ പാർപ്പിക്കുകയും ചെയ്തിരുന്നു.

ഇവരുടെ കൈയിൽനിന്നും രക്ഷപ്പെട്ട യുവതി നൽകിയ പരാതിയിൽ പ്രതികളെ അന്നു തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയായ സജീവൻ ജാമ്യം നേടിയ ശേഷം ഒളിവിൽ പോകുകയും ഗൾഫിലേക്ക് കടക്കുകയും ചെയ്തു. വർഷങ്ങൾക്കു് ശേഷം ഗൾഫിൽ നിന്നും തിരികെയെത്തിയ സജീവൻ തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് താമസിച്ചു വരവേയാണ് കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായത്.

സജീവന്റെ സഹോദരിയെ ചോദ്യം ചെയ്തതിൽ നിന്നാണ് സജീവൻ ചേങ്കോട്ടുകോണത്തുള്ള വിവരം പൊലീസിന് ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അഞ്ചൽ എസ് ഐ സാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സജീവനെ പിടികൂടിയത്.



Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: