തിരുവനന്തപുരം: നവകേരള സദസിനു തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ മേഖലകളിലുള്ളവരുമായി സംവദിക്കുന്ന ‘മുഖാമുഖം’ പരിപാടിയുമായി സർക്കാർ. ഫെബ്രുവരി 18 മുതൽ മാർച്ച് 3 വരെയാണു വിവിധ ജില്ലകളിൽ പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഒരു മിനിട്ട് സംസാരിക്കാനാണ് അനുവാദം. നവകേരള സദസിന്റെ മാതൃകയിൽ സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തണം. നവകേരള സദസിന് സ്പോൺസർഷിപ്പിലൂടെ കണ്ടെത്തിയ തുകയുടെ കണക്കുകൾ സർക്കാർ ഇതുവരെ പുറത്തു വിട്ടിട്ടില്ല. പരിപാടിയുടെ നടത്തിപ്പിനായുള്ള മാർഗ്ഗരേഖ പൊതുഭരണവകുപ്പ് പുറത്തിറക്കി.
വനിതകൾ, സാംസ്കാരിക പ്രവർത്തകർ, ആദിവാസി, ദളിത് വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ, വിവിധ തൊഴിൽ മേഖലയിലുള്ളവർ, കാർഷിക മേഖലയിലുള്ളവർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരുമായി മുഖ്യമന്ത്രി സംവദിക്കും. ഫെബ്രുവരി 18നു കോഴിക്കോട് വിദ്യാർത്ഥികളുമായുള്ള സംവാദത്തോടെയാണു പരിപാടിയുടെ തുടക്കം. കോഴിക്കോട്, കണ്ണൂർ, തൃശൂർ, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ എന്നീ സ്ഥലങ്ങളിലാണു പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ രണ്ടായിരത്തിൽ കൂടാത്ത ജനപങ്കാളിത്തം ഉണ്ടാകണമെന്നാണു നിർദ്ദേശം. ഒരു മണിക്കൂറാണു പരിപാടിയിൽ പങ്കെടുക്കുന്നവർക്കു സംസാരിക്കാൻ സമയം അനുവദിച്ചിരിക്കുന്നത്. ഒരാൾക്ക് ഒരു മിനിട്ട് സംസാരിക്കാം. സംസാരിക്കാൻ കഴിയാത്തവർക്ക് കാര്യങ്ങൾ എഴുതി നൽകാം. എഴുതി നൽകുന്ന കാര്യങ്ങൾ ഒരു പേജിൽ കവിയരുതെന്നും നിർദ്ദേശമുണ്ട്.

