ചെന്നൈ: നടന്‍ വിജയുടെ രാഷ്ട്രീയപാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പുതിയ പതാകയെച്ചൊല്ലി വിവാദം. പതാകയിലുള്ള ചിഹ്നങ്ങള്‍ക്കും പതാകയുടെ നിറത്തിനും എതിരെയാണ് വിവിധങ്ങളായ പരാതികള്‍ ഉയരുന്നത്. മഞ്ഞയും ചുവപ്പും ചേര്‍ന്ന പതാകയില്‍ വാകപ്പൂവിന് ഇരുവശങ്ങളിലുമായി രണ്ട് ആനകളെയും കാണാം.ദേശീയ രാഷ്ട്രീയ പാര്‍ട്ടിയായ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) തങ്ങളുടെ ചിഹ്നമായ ആനയെ ടിവികെ ഉപയോഗിച്ചതില്‍ രംഗത്തുവന്നു. പതാകയില്‍ നിന്ന് ആനകളെ നീക്കണമെന്നും ബിഎസ്പി ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ബിഎസ്പി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം പതാക സ്‌പെയിനിന്റെ ദേശീയപതാക പകര്‍ത്തിയതാണെന്നും സ്‌പെയിന്‍ ജനതയുടെ വികാരങ്ങളെ അവഹേളിക്കുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങള്‍ക്കു വിരുദ്ധമാണ് ടിവികെ പതാകയെന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകനായ സെല്‍വം ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കി.ആനയെ ഉപയോഗിച്ചിരിക്കുന്നത് കേരള സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവുമായി സാമ്യമുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. പ്രമുഖ ബ്രാന്‍ഡായ ഫെവികോള്‍, മറ്റൊരു പ്ലൈവുഡ് കമ്പനി എന്നിവയുടെ ലോഗോയുമായി സാമ്യമുണ്ടെന്നും ചര്‍ച്ചകള്‍ നടക്കുന്നു.
പതാകയില്‍ ഉപയോഗിച്ചിരിക്കുന്ന എന്ന് പറയുന്ന പുഷ്പം വാകപ്പൂവ് അല്ലെന്നും വിമര്‍ശനമുണ്ട്. സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെ വിമര്‍ശനം ശക്തമായതോടെ വിഷയത്തില്‍ പ്രതികരണവുമായി ടിവികെ രംഗത്തെത്തി.പതാകയിലെ ചിഹ്നങ്ങള്‍ സംബന്ധിച്ച വിവാദങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടാല്‍ പ്രതികരിക്കുമെന്നാണ് ടിവികെ അറിയിച്ചിരിക്കുന്നത്.

