തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ചും കോൺഗ്രസിൽ തർക്കം രൂക്ഷം. പി അൻവറിനെ യുഡിഎഫിന്റെ ഭാഗമാക്കണമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ നിലപാടെടുക്കുമ്പോൾ അതിനെ ശക്തിയുക്തം എതിർക്കുകയാണ് വലിയൊരു വിഭാഗം നേതാക്കൾ. സിപിഎമ്മിന്റെ ഭാഗമായി നിൽക്കുമ്പോൾ കോൺഗ്രസ് നേതാക്കൾക്കെതിരെ അൻവർ ഉയർത്തിയ അടിസ്ഥാന രഹിത ആരോപണങ്ങൾ തിരിഞ്ഞുകൊത്തുമെന്ന അഭിപ്രായവും കോൺഗ്രസിനുള്ളിൽ ഉയരുന്നുണ്ട്.
കെ പി സി സി പ്രസിഡന്റ് കെ സുധാരനാണ് പി വി അൻവറിനെ മുന്നണിക്കൊപ്പം കൂട്ടണമെന്ന നിലപാട് സ്വീകരിക്കുന്നവരിൽ പ്രമുഖൻ. എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എ ഗ്രൂപ്പിനും അൻവറിനെ മുന്നണിയിലെടുക്കുന്നതിനോട് യോജിപ്പില്ല. ഇടത് മുന്നണിയുടെ ഭാഗമായി നിൽക്കെ പി വി അൻവർ ഉയർത്തിയ ആരോപണങ്ങളും അധിക്ഷേപങ്ങളും അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ലെന്നാണ് ഇവരുടെ നിലപാട്. രാഹുൽഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന വിവാദപ്രസ്താവന അൻവറിൽനിന്നുണ്ടായി. സതീശനെതിരേ നൂറുകോടിയുടെ അഴിമതിയാരോപണവും അൻവർ നിയമസഭയിൽ ഉന്നയിച്ചിരുന്നു.
ഇത്രയും കടുത്ത ആരോപണം ഉന്നയിച്ചയാളെ എന്തിനാണ് യു.ഡി.എഫിലേക്ക് സ്വാഗതംചെയ്യുന്നതെന്ന് കൺവീനർ എം.എം. ഹസൻ ചോദിച്ചു. കോൺഗ്രസിന്റെ മുൻ സ്ഥാനാർഥിയെ അടർത്തിമാറ്റി ചേലക്കര ഉപതിരഞ്ഞെടുപ്പിൽ അൻവർ മത്സരിപ്പിച്ചതും അൻവറിന്റെ യുഡിഎഫ് പ്രവേശനത്തെ എതിർക്കുന്നവർ ആയുധമാക്കുന്നുണ്ട്.
കോൺഗ്രസിലായിരുന്നകാലത്ത് അൻവർ കെ. സുധാകരന്റെ അനുയായിയായിരുന്നു. സുധാകരൻ വനംമന്ത്രിയായിരിക്കെ അൻവർ അടുത്ത് പ്രവർത്തിക്കുകയും ചെയ്തിരുന്നു. മലപ്പുറത്ത് ആര്യാടൻ മുഹമ്മദ് പ്രതാപശാലിയായിനിന്നിരുന്ന അക്കാലത്ത് അൻവറിന് കോൺഗ്രസിലുള്ള ആശ്രയം സുധാകരനായിരുന്നു. പിന്നീട് ഇടതു സഹയാത്രികനായെങ്കിലും സുധാകരനുമായി സൗഹൃദബന്ധം അദ്ദേഹം സൂക്ഷിച്ചുപോരുന്നു.
മുസ്ലിംലീഗ് വഴി കോൺഗ്രസിലെ എതിർപ്പ് മറികടക്കാമെന്നാണ് അൻവറിന്റെ പ്രതീക്ഷ. മുന്നണിയിൽ ഘടകകക്ഷിയായി നിലമ്പൂർ സീറ്റ് ഉറപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. എ ഗ്രൂപ്പ് മത്സരിക്കുന്ന സീറ്റാണിത്. മലപ്പുറത്തെ 16 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുന്നത് നാലിൽ മാത്രമാണ്. അത് വിട്ടുനൽകാൻ കോൺഗ്രസ് തയ്യാറല്ല. നിലമ്പൂർ സീറ്റ് ആര്യാടൻ ഷൗക്കത്തിനായി നേതൃത്വം നോക്കിവെച്ചിരിക്കുന്നതുമാണ്. കഴിഞ്ഞപ്രാവശ്യം 2700 വോട്ടുകൾക്ക് മാത്രമായിരുന്നു നിലമ്പൂരിൽ അൻവറിന്റെ ജയം. ഈ ഭൂരിപക്ഷം മറികടക്കാവുന്നതാണെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു. അൻവർ യു.ഡി.എഫിലേക്കെന്ന സൂചന വന്നപ്പോൾത്തന്നെ ആര്യാടൻ ഷൗക്കത്ത് അതിനെതിരേ രംഗത്തുവന്നിട്ടുമുണ്ട്.
അതേസമയം, ഭരണം പിടിക്കാൻ ആരെയൊക്കെ ഒപ്പം കൂട്ടാമോ അവരെയെല്ലാം ഒപ്പം കൂട്ടണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. പി വി അൻവറിനെയും ആ അർത്ഥത്തിൽ സഹകരിപ്പിക്കണമെന്നും രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ലെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. ഈ അഭിപ്രായം കോൺഗ്രസും യുഡിഎഫും പൊതുനിലപാടായി സ്വീകരിച്ചാൽ മാത്രമേ പി വി അൻവറിന്റെ യുഡിഎഫ് പ്രവേശം സാധ്യമാകൂ. അങ്ങനെ വന്നാൽ അൻവറിന് സീറ്റ് നൽകാനായി കോൺഗ്രസോ, ലീഗോ വിട്ടുവീഴ്ചചെയ്യേണ്ടിവരും.
