തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. വാശിയേറിയ പോരാട്ടങ്ങളിൽ ആരാണ് മുന്നിലെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്നു രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. ആദ്യ ഫല സൂചനകൾ എട്ടരയോടെ ലഭിക്കാനാണ് സാധ്യത. ഉച്ചയോടെ പൂർണ്ണഫലങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
സംസ്ഥാനത്തെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളിലാണ് വേട്ടെണ്ണൽ നടക്കുന്നത്. ലീഡ് നിലയും ഫലവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലെ ട്രെൻഡ് ലിങ്കിലൂടെ തൽസമയം അറിയാം. https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ ലിങ്കുകളിലും ഫലം ലഭ്യമാണ്.
വോട്ടിംഗ് ശതമാനം കുറയുമ്പോഴും റെക്കോർഡ് പങ്കാളിത്തം
ഈ തിരഞ്ഞെടുപ്പിൽ അന്തിമ പോളിങ് ശതമാനം 73.69-ൽ നിൽക്കുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2020-ലെ 75.95 ശതമാനത്തെ അപേക്ഷിച്ച് കുറവായെങ്കിലും, ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ ആളുകൾ വോട്ട് ചെയ്ത തിരഞ്ഞെടുപ്പാണ് ഇതെന്ന് പ്രത്യേകതയുണ്ട്. — 2.11 കോടി ആളുകളാണ് ഇക്കുറി സമ്മതിദാനാവകാശം വിനിയോഗിച്ചത്. കഴിഞ്ഞ തവണത്തേക്കാൾ 73,866 പേരാണ് അധികമായി വോട്ട് ചെയ്തത്. തപാൽ ബാലറ്റുകൾ കൂടി ചേർത്താൽ ഈ സംഖ്യ ഇനിയും ഉയരും. മൊത്തം 2.86 കോടി വോട്ടർമാരാണ് ഇത്തവണ പട്ടികയിലുണ്ടായിരുന്നത്. അവരിൽ 75 ലക്ഷത്തിലധികം പേർ വോട്ടുചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്.
വോട്ടെണ്ണൽ ഇങ്ങനെ:
തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ഒരേസമയം ഒരു മേശയിൽ നടക്കും. ഒരേ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റിലാണ് 3 ഫലങ്ങളും. ഗ്രാമപ്പഞ്ചായത്തിലെ ഒരു വാർഡിൽ ഉൾപ്പെടുന്ന മുഴുവൻ ബൂത്തുകളുടെയും വോട്ടെണ്ണൽ ഒരു മേശയിൽ കൗണ്ടിങ് സൂപ്പർവൈസറുടെ മേൽനോട്ടത്തിൽ നടക്കും. ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിൽ യൂണിറ്റുകൾ മേശയിൽ എത്തിക്കും.
ഉദാഹരണത്തിന് 2 ബൂത്തുകളാണ് ഒരു ഗ്രാമപ്പഞ്ചായത്ത് വാർഡിൽ ഉള്ളതെങ്കിൽ 2 കൺട്രോൾ യൂണിറ്റുകൾ മേശയിലേക്ക് എത്തും. യൂണിറ്റിലെ റിസൽറ്റ് ബട്ടൻ അമർത്തുമ്പോൾ ഓരോന്നിലെയും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ സ്ഥാനാർഥികളുടെ ഫലങ്ങൾ പോസ്റ്റ് 1, പോസ്റ്റ് 2, പോസ്റ്റ് 3 എന്ന ക്രമത്തിൽ എഴുതിക്കാണിക്കും. ഇത് കൗണ്ടിങ് അസിസ്റ്റന്റുമാർ ടാബുലേഷൻ ഫോമിലും തുടർന്ന് കൗണ്ടിങ് സൂപ്പർവൈസർ ഫോം 24 എയിലും രേഖപ്പെടുത്തും. തുടർന്ന് അതേ ഹാളിലുള്ള ഗ്രാമപ്പഞ്ചായത്ത് വരണാധികാരിക്കു ഫലം കൈമാറും.
2 ബൂത്തുകളിലെ ഫലം രേഖപ്പെടുത്തി കഴിയുന്നതോടെ വാർഡിലെ വോട്ടെണ്ണൽ പൂർത്തിയാകും. ഈ വാർഡ് ഉൾപ്പെടുന്ന ബന്ധപ്പെട്ട ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ സ്ഥാനാർഥികൾക്കു കിട്ടിയ വോട്ട് ഇതേസമയം രേഖപ്പെടുത്തി നിശ്ചിത ഇടവേളകളിൽ അതിനു സമീപത്തെ ഹാളിലുള്ള ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്കു കൈമാറും.
ജില്ലാ പഞ്ചായത്ത് വരണാധികാരികൾ കലക്ടർമാരായതിനാൽ അവർക്കും രേഖപ്പെടുത്തിയ ഫലം എത്തിക്കും. ഇതോടൊപ്പം TREND സോഫ്റ്റ്വെയറിൽ ഫലം അപ്ലോഡ് ചെയ്യുന്നതിനാൽ പൊതുജനങ്ങൾക്കും നിശ്ചിതസമയത്ത് ഓൺലൈനായി അറിയാം.
നഗരസഭകളിലും കോർപറേഷനുകളിലും ഒരു വോട്ട് മാത്രമായതിനാൽ ബൂത്ത് അടിസ്ഥാനത്തിൽ എണ്ണിത്തീരുന്നതിന് അനുസരിച്ച് വാർഡിലെ ഫലങ്ങൾ പുറത്തുവരും. ഓരോ ബൂത്തുകൾ എണ്ണിത്തീരുന്നത് അനുസരിച്ച് ഗ്രാമ, നഗരസഭ, കോർപറേഷൻ വാർഡുകളിലെ സ്ഥാനാർഥികളുടെ കൗണ്ടിങ് ഏജന്റുമാർ വോട്ടെണ്ണൽ ഹാളിൽനിന്നു പുറത്തു പോകും. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ ഏജന്റുമാർ ഒരു പഞ്ചായത്തിലെ വോട്ട് എണ്ണിത്തീരുന്നതു വരെ ഹാളിൽ തുടരും.
ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ ഫലങ്ങൾ ആദ്യം
ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ വാർഡുകളിലെ ഫലങ്ങളാണ് ആദ്യം പുറത്തുവരുന്നത്. ഒരു ബൂത്ത് എണ്ണിത്തീരാൻ പരമാവധി 15 മിനിറ്റ് മതിയാകും. അര മണിക്കൂർ കൊണ്ട് ഒരു വാർഡിലെ ഫലമറിയാം. തപാൽ വോട്ടുകൾ ആദ്യം എണ്ണും. നഗരസഭ, കോർപറേഷൻ വാർഡുകളിലാണ് കൂടുതൽ തപാൽ വോട്ടുകൾ ഉള്ളതെന്ന് അധികൃതർ സൂചിപ്പിച്ചു. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ വോട്ടെണ്ണൽ വൈകിട്ടോടെ പൂർത്തിയാകുമെന്നാണു കരുതുന്നത്.
ഇന്ന് ഡ്രൈ ഡേ.
സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ കണക്കിലെടുത്താണ് ഇന്നു മദ്യ വിൽപന നിരോധിച്ചിരിക്കുന്നത്. കേരളത്തിലെ ബാറുകൾ, ബവ്കോ, കൺസ്യൂമർ ഫെഡ് ഔട്ലെറ്റുകൾ എന്നിവ ഇന്ന് തുറന്നു പ്രവർത്തിക്കില്ല.


