വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

തിരുവനന്തപുരം: വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി ദമ്പതികൾ പിടിയിൽ. മലയിൻകീഴ് മാവോട്ടുകോണം കുഴിതാലംകോട് വാടകയ്ക്കു താമസിക്കുന്ന ജഗതി സ്വദേശി വിജയകാന്ത് (29), ഭാര്യ വിളവൂർക്കൽ മലയം സ്വദേശി സുമ (28) എന്നിവരാണ് അറസ്റ്റിലായത്. ഇവർ വാടക വീട്ടിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 18.27 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. റൂറൽ ഡാൻസാഫ് സംഘവും മലയിൻകീഴ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ദമ്പതികൾ കുടുങ്ങിയത്.ഒരു മാസം മുൻപാണ് പ്രതികൾ വീട് വാടകയ്ക്ക് എടുത്തത്. ഇവിടെ കഞ്ചാവ് കച്ചവടം നടക്കുന്നതായും പൊലീസിനു രഹസ്യ വിവരം നേരത്തെ ലഭിച്ചിരുന്നു. തുടർന്ന് ഇവരെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ബാലരാമപുരം സ്വദേശിയിൽ നിന്നാണ് വിജയകാന്ത് കഞ്ചാവ് വാങ്ങിയതെന്നു സൂചനയുണ്ട്.

ശനിയാഴ്ച രാത്രിയാണ് പൊലീസ് സംഘം ഇവരുടെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്. കിടപ്പുമുറിയിൽ പ്ലാസ്റ്റിക് ചാക്കിനുള്ളിലാണ് ഇവർ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ന്യൂഇയർ ലക്ഷ്യമിട്ട് വിൽപന നടത്താനായാണ് ഇത്രയേറെ കഞ്ചാവ് വാങ്ങി സൂക്ഷിച്ചിരുന്നത്. കാട്ടാക്കട, മലയിൻകീഴ്, പൂജപ്പുര സ്റ്റേഷനുകളിൽ മാല കവർച്ച ഉൾപ്പെടെ ഒട്ടേറെ കേസുകൾ വിജയകാന്തിന് ഉണ്ടെന്നു പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: