കോട്ടയം :ഞീഴൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൽഡിഎഫ് തീരുമാനത്തിന് വിരുദ്ധമായി സിപിഎം എടുത്ത നിലപാടിൽ പ്രതിഷേധിച്ച് ഇന്ന് നടക്കുന്ന ബാങ്ക് തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുവാൻ സി പി ഐ തീരുമാനിച്ചു.
എൽ ഡി എഫ് തീരുമാനപ്രകാരം സിപിഐ ക്ക് തീരുമാനിച്ചിരുന്ന ജനറൽ സീറ്റിൽ ഒരു പട്ടികജാതി വിഭാഗത്തിൽ പെട്ട ആളെ മത്സരിപ്പിക്കാൻ പാടില്ലെന്ന സിപിഎം ന്റെ കടുത്ത നിലപാട് സിപിഐ അംഗീകരിക്കാൻ തയ്യാറല്ല.
കേരളാ കോൺഗ്രസ് മുന്നണിയിൽ വന്നതിനു ശേഷം കടുത്തുരുത്തി മണ്ഡലത്തിലെ വിവിധ സഹകരണ ബാങ്കുകളിൽ സിപിഐ യെ മനപൂർവ്വം ഒഴിവാക്കിക്കൊണ്ട് മറ്റ് പല ഘടകകക്ഷികൾക്കും സീറ്റ് കൊടുക്കാതെ സിപിഎം കേരളാ കോൺഗ്രസ് (എം) കക്ഷികൾ മാത്രം സീറ്റുകൾ പങ്കിട്ട് എടുക്കുകയാണ് കടുത്തുരുത്തി അർബൻ ബാങ്ക്, കാപ്പുംതല സർവ്വീസ് സഹകരണ ബാങ്ക്, കീഴൂർ സർവ്വീസ് സഹകരണ ബാങ്ക്, മാഞ്ഞൂർ സർവ്വീസ് സഹകരണ ബാങ്ക് എന്നിവിടെങ്ങളിൽ മത്സരിച്ചെങ്കിലും ഈ സഖ്യം ദയനീയമായി പരാജയപ്പെട്ടു. മുന്നണി മര്യാദ പാലിക്കാതെ നടത്തുന്ന നീക്കങ്ങൾ എൽഡിഎഫ് മുന്നണി നയങ്ങൾക്ക് വിരുദ്ധമാണ്.
നിയമസഭ സീറ്റിലും പാർലമെന്റ് സീറ്റിലും മത്സരിക്കുന്ന കേരളാ കോൺഗ്രസ് പാർട്ടി സിപി എം നെ കൂട്ടുപിടിച്ച് നാൽപ്പത്തി മൂന്ന് വർഷം മുൻപ് സിപിഐ നേതാവ് പി കെ വാസുദേവൻ നായർ മുഖ്യമന്ത്രി പദം രാജിവെച്ച് എൽഡിഎഫ് രൂപീകരണത്തിന് നെടുനായകത്ത്വം വഹിച്ച സിപിഐ എന്ന പ്രസ്ഥാനത്തെ തകർക്കുവാൻ നടത്തുന്ന നീക്കങ്ങൾ അംഗീകരിക്കാൻ കഴിയില്ലന്ന് സിപിഐ നേതൃത്വം അറിയിച്ചു.ഞീഴൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ നിന്നും സിപിഐ പിന്മാറുന്നു എന്ന് സിപിഐ ഞീഴൂർ ലോക്കൽ സെക്രട്ടറി എ അജീഷ്, സി പി ഐ കടുത്തുരുത്തി മണ്ഡലം സെക്രട്ടറി പി ജി ത്രിഗുണ സെൻ, സി പി ഐ ജില്ലാ കമ്മറ്റി അംഗം റ്റി എം സദൻ, സി കെ മോഹനൻ, ഡി അശോക് കുമാർ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു
