സിപിഐ നേമം മണ്ഡലം സെക്രട്ടറിയെ തെറിവിളിച്ചു; ആറ്റുകാൽ ലോക്കൽ സെക്രട്ടറി പുറത്ത്



തിരുവനന്തപുരം: സിപിഐ  മണ്ഡലം സെക്രട്ടറിയെ തെറി വിളിച്ച ലോക്കൽ കമ്മിറ്റി സെക്രട്ടറി പുറത്തായി. നേമം മണ്ഡലത്തിലാണ് സിപിഐയിൽ സംഘടനാപരമായ തർക്കങ്ങൾ നടപടിയിലേക്ക് എത്തിയത്.മണ്ഡലം സെക്രട്ടറി പാപ്പനംകോട് അജയനെ ഫോണിലൂടെ തെറിവിളിച്ച ആറ്റുകാൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷിബു കെ സുരേന്ദ്രനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാൻ ഇന്നലെ ജില്ലാകൗൺസിൽ ഓഫീസിൽ ചേർന്ന മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.പ്രശ്നങ്ങൾ പരിഹരിച്ച് രമ്യമായി പോകണമെന്ന് ചർച്ചയിൽ നിർദ്ദേശം അംഗങ്ങൾ മുന്നോട്ടു വച്ചെങ്കിലും നേതൃത്വം അത് അംഗീകരിച്ചില്ല. മോശമായി പെരുമാറുന്നവരെ പാർട്ടിയിൽ വച്ചുപൊറുപ്പിക്കുന്നത് ഗുണകരമാവില്ലെന്ന് നേതൃത്വം വ്യക്തമാക്കി. ഷിബു ലോക്കൽ കമ്മിറ്റിസെക്രട്ടറി പദവിയിൽ തുടരുന്നത് പാർട്ടി അച്ചടക്കത്തിന് യോജിക്കുന്നതല്ലെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മന്ത്രി ജി.ആർ.അനിലുമായി നല്ല അടുപ്പമുള്ള നേതാവാണ് നേമം മണ്ഡലം സെക്രട്ടറി പാപ്പനംകേട് അജയകുമാർ.മാന്യമല്ലാത്ത തരത്തിൽ ഷിബു മണ്ഡലം സെക്രട്ടറിയോട് പെരുമാറിയത് മറുപക്ഷത്തെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. ഇതിന്റെ പ്രതിഫലനമാണ് ഇന്നലെ യോഗത്തിലുണ്ടായത്. വിദ്യാർത്ഥി പ്രസ്ഥാനമായ എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ഷിബു കെ സുരേന്ദ്രൻ മാധ്യമപ്രവർത്തകൻ ആയിരുന്നു. ആ ജോലി ഉപേക്ഷിച്ചാണ് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറിയത്. ആറ്റുകാൽ എൽസിയിൽ വളരെ മികച്ച രീതിയിൽ എഐവൈഎഫ് യൂണിറ്റ് സമ്മേളനം നടത്തിയിരുന്നു ഇതിനെ ചൊല്ലി മണ്ഡലം സെക്രട്ടറിയുമായുള്ള തർക്കമാണ് നടപടിയിൽ കലാശിച്ചത്. സംഘനാപരമായി കുറച്ച് കാലമായി ധാരാളം പോരായ്മകൾ മണ്ഡലത്തിൽ നിലവിൽ ഉള്ളപ്പോഴാണ് പാർട്ടി ഇത്തരം നടപടി സ്വീകരിച്ചത്. ബിജെപിക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലത്തിൽ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ കടുത്ത നടപടികളെടുത്ത് ആരെയും പ്രകോപിപ്പിക്കരുതെന്ന നിലപാടാണ് യോഗത്തിൽ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും മണ്ഡലത്തിന്റെ ചുമതല യുള്ള സോളമൻ വെട്ടുകാടും സ്വീകരിച്ചതെങ്കിലും ശക്തമായ നടപടി വേണമെന്ന നിലപാടാണ് മണ്ഡലം കമ്മിറ്റി സ്വീകരിച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: