തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് പാർട്ടികൾ. സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയുമായി എത്തിയിരിക്കുകയാണ് സിപിഐ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടൻ സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക പുറത്തുവിട്ട് നേരത്തെ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് പോകാനാണ് സിപിഐയുടെ നീക്കം. തിരുവനന്തപുരത്ത് മുന്‍ എം.പി. കൂടിയായ പന്ന്യന്‍ രവീന്ദ്രനെ പരിഗണിക്കുന്നുവെന്നാണ് സൂചന. തൃശ്ശൂരില്‍ വി.എസ്. സുനില്‍കുമാറും വയനാട്ടില്‍ ആനി രാജയും മത്സരിച്ചേക്കും. മാവേലിക്കരയില്‍ സി.എ. അരുണ്‍ കുമാറിനാണ് സാധ്യത.
ഹൈദരാബാദില്‍ ചേര്‍ന്ന സി.പി.ഐ. ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ധാരണയുണ്ടായത്. മൂന്നു ദിവസമായി ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്, സംസ്ഥാന കൗണ്‍സിൽ യോഗത്തിൽ അന്തിമതീരുമാനം ഉണ്ടായേക്കും. 2004-ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച പി.കെ. വാസുദേവന്‍ നായരുടെ നിര്യാണത്തെത്തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് പന്ന്യന്‍ രവീന്ദ്രന്‍ തിരുവനന്തപുരത്ത് നേരത്തെ എം.പിയായത്. ശശി തരൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ബി.ജെ.പി. തിരുവനന്തപുരത്ത് ദേശീയ നേതാക്കളെ ആരെയെങ്കിലും ഇറക്കാന്‍ ആലോചിക്കുന്നുണ്ട്.
സംസ്ഥാനത്ത് ശ്രദ്ധേയമായ മത്സരം നടക്കുന്ന തൃശ്ശൂരില്‍ മുന്‍ മന്ത്രികൂടിയായ വി.എസ്. സുനില്‍കുമാര്‍ എത്തുന്നതോടെ മത്സരം കനക്കും. വി.എസ്. സുനില്‍ കുമാര്‍ തൃശ്ശൂരില്‍നിന്നും കൈപ്പമംഗലത്തുനിന്നും പഴയ ചേര്‍പ്പ് നിയമസഭാ മണ്ഡലത്തില്‍നിന്നും എം.എല്‍.എയായിട്ടുണ്ട്.. സിറ്റിങ് എം.പിയായ ടി.എന്‍. പ്രതാപന്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായെത്തും. മുന്‍ രാജ്യസഭാ എം.പി. കൂടിയായ നടന്‍ സുരേഷ് ഗോപി ഇവിടെ ബി.ജെ.പി. സ്ഥാനാര്‍ഥിയായി പ്രചാരണം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
നിലവില്‍ രാഹുല്‍ഗാന്ധിയാണ് വയനാട് എം.പി. ബി.ജെ.പിക്കെതിരെ പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്ന രാഹുല്‍ഗാന്ധി അവര്‍ക്ക് ശക്തിയില്ലാത്ത വയനാട്ടില്‍ വന്ന് മത്സരിക്കുന്നതിനെതിരെ സി.പി.ഐ. നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് ദേശീയ എക്സിക്യൂട്ടീവ് അംഗത്തെ മത്സരിപ്പിക്കാന്‍ സി.പി.ഐ. ഒരുങ്ങുന്നത്. അങ്ങനെയെങ്കില്‍ ആനി രാജയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ഇന്ത്യ മുന്നണിക്കും നിര്‍ണായകമാകും.
എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗമാണ് സി.എ. അരുണ്‍ കുമാര്‍. നിലവില്‍ കൃഷി മന്ത്രി പി. പ്രസാദിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമാണ്. സംവരണമണ്ഡലമായ മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷിനെ നേരിടാന്‍ യുവനേതാവിനെ ഇറക്കാനാണ് നിലവില്‍ സി.പി.ഐയില്‍ ധാരണ.