തിരുവനന്തപുരം: കേരള സർവകലാശാലയിൽ വൈസ് ചാൻസലർ (വിസി) മോഹനൻ കുന്നുമ്മലിന്റെ നിലപാടുകൾക്കെതിരെ സമരം ചെയ്യുന്ന എസ്എഫ്‌ഐ പ്രവർത്തകർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സർവകലാശാലയിലെത്തി പ്രതിഷേധക്കാരെ കണ്ട അദ്ദേഹം, വിസിയുടെ നടപടികൾ തെറ്റാണെന്നും അത് ജനാധിപത്യവിരുദ്ധമാണെന്നും വ്യക്തമാക്കി. ആർഎസ്എസിൻ്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.വി. ഗോവിന്ദൻ്റെ സന്ദർശനത്തിനു പിന്നാലെ, എസ്എഫ്‌ഐയുടെ സമരം ശക്തമായി തുടരുമെന്ന് സംസ്ഥാന പ്രസിഡൻ്റ് എം. ശിവപ്രസാദ് അറിയിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ആർഎസ്എസ് അജണ്ടയുടെ ഭാഗമാണ് ഇത്തരം വിസിമാരുടെ നിയമനങ്ങളെന്നും, സംഘപരിവാർ താൽപര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്ന ഗവർണർക്കെതിരെയും വിസിമാർക്കെതിരെയും പ്രക്ഷോഭം തുടരുമെന്നും ശിവപ്രസാദ് പറഞ്ഞു. ജൂലൈ 10-ന് കേരള സർവകലാശാലയിലേക്കും രാജ്ഭവനിലേക്കും മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്‌ഐ ശക്തമായ പ്രതിഷേധങ്ങളാണ് സർവകലാശാലയിൽ സംഘടിപ്പിക്കുന്നത്. എസ്എഫ്‌ഐ പ്രവർത്തകർ സർവകലാശാലയുടെ പ്രധാന വാതിൽ തള്ളിത്തുറന്ന് അകത്തുകടക്കുകയും വിസിയുടെ ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കാൻ പോലീസ് ശ്രമിച്ചെങ്കിലും, പ്രവർത്തകർ ശക്തമായ ചെറുത്തുനിൽപ്പോടെ സമരം തുടരുകയാണ്. വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ കെട്ടിക്കിടക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ വിസി ഇടപെടുന്നില്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. ആർഎസ്എസ് രാഷ്ട്രീയത്തിൻ്റെ തടവറയിൽ നിന്ന് ഉന്നത വിദ്യാഭ്യാസ മേഖലയെ രക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് എസ്എഫ്‌ഐ ആവർത്തിക്കുന്നു.
