ചിറയിൻകീഴ് : എൽഡിഎഫ് ഭരണം നടത്തുന്ന കിഴുവിലം ഗ്രാമ പഞ്ചായത്തിൽ സിപിഐയിലെ ആർരജിത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ടു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് സമയത്ത് ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽ ഉണ്ടാക്കിയ ധാരണ പ്രകാരം നേരത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎമ്മിലെ ആർ മനോന്മണി കഴിഞ്ഞ മാസം പ്രസിഡന്റ് സ്ഥാനം രാജി വച്ചിരുന്നു. പതിനാലാം വാർഡായ കാട്ടുമുറാക്കലിൽ നിന്നും പഞ്ചായത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ആർ രജിത വിജയിച്ചത്. സിപിഐ കൂന്തള്ളൂർ ലോക്കൽ കമ്മിറ്റി അംഗവും, കേരള മഹിളാ സംഘം ചിറയിൻകീഴ് മണ്ഡലം വൈസ് പ്രസിഡന്റുമാണ് രജിത.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് ശേഷം ആദ്യമായാണ് ഇപ്പോഴത്തെ ചിറയിൻകീഴ് താലൂക്കിൽ സിപിഐ ക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നത്.
ചിറയിൻകീഴ് താലൂക്കിലെ സിപിഐയുടെ എക്കാലത്തെയും മികച്ച നേതാക്കളിൽ ഒരാളായ എസ് അപ്പുക്കുട്ടൻ ദീർഘകാലം കിഴുവിലം പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.ഇന്ന് രാവിലെ 11ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കുന്നുവരാം വാർഡ് അംഗം സലീന റഫീഖിനെയാണ് രജിത പരാജയപ്പെടുത്തിയത്
ചിറയിൻകീഴ് താലൂക്ക് തഹസിൽദാർ റ്റി.വേണു വരണാധികാരിയായിരുന്നു.