Headlines

തിരുവനന്തപുരത്ത് ആറിടത്ത് സിപിഎമ്മിന് ആശങ്ക; രണ്ടിടത്ത് പ്രതീക്ഷയില്ല










തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ആറിടത്ത് സിപിഎമ്മിന് ആശങ്ക. ആറ് മണ്ഡലങ്ങളിൽ കടുത്ത പോരാട്ടമാണ് നടന്നതെന്നും ഇതിൽ ചിലയിടങ്ങളിലെ ഫലം പ്രവചനാതീതമാണെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ.

സിറ്റിങ് സീറ്റുകളായ കഴക്കൂട്ടത്തും വട്ടിയൂർക്കാവിലും വിജയം ആവർത്തിക്കുമെന്ന് പാർട്ടി ഉറച്ചു വിശ്വസിക്കുന്നു. ബിജെപിയുമായി ശക്തമായ പോരാട്ടം നടന്ന കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനും, വട്ടിയൂർക്കാവിൽ വി.കെ. പ്രശാന്തും വിജയിക്കുമെന്നാണ് കണക്കുകൂട്ടൽ. കൂടാതെ പാറശ്ശാല, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ വലിയ വെല്ലുവിളികളില്ലാതെ വിജയമുറപ്പാണെന്നും വാമനപുരം, വർക്കല സീറ്റുകളിൽ ശക്തമായ മത്സരം നടന്നുവെങ്കിലും ഫലം എൽഡിഎഫിന് അനുകൂലമായിരിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം, നെയ്യാറ്റിൻകര, അരുവിക്കര, കാട്ടാക്കട, നേമം എന്നീ നാല് മണ്ഡലങ്ങളിൽ കടുത്ത മത്സരമാണ് നടന്നതെന്ന് പാർട്ടി വിലയിരുത്തുന്നു. ഈ മണ്ഡലങ്ങളിലെ വോട്ടിങ് നിലയിൽ നേതൃത്വത്തിന് നേരിയ ആശങ്കയുണ്ട്. പ്രത്യേകിച്ചും ബിജെപി ശക്തമായ സ്വാധീനം ചെലുത്തിയ നേമത്തും, യുഡിഎഫ് ശക്തമായ പോരാട്ടം കാഴ്ചവെച്ച അരുവിക്കരയിലും വിജയസാധ്യതയെക്കുറിച്ച് പാർട്ടി ജാഗ്രത പുലർത്തുന്നു.

തിരുവനന്തപുരം, കോവളം മണ്ഡലങ്ങളുടെ കാര്യത്തിൽ സിപിഎമ്മിന് വലിയ പ്രതീക്ഷയില്ല. ഈ രണ്ട് സീറ്റുകളിലും എൽഡിഎഫിന് വിജയസാധ്യത കുറവാണെന്നാണ് ജില്ലാ കമ്മിറ്റിയുടെ പ്രാഥമിക നിഗമനം. മൊത്തത്തിൽ ജില്ലയിൽ പത്ത് സീറ്റുകൾ ലഭിക്കുമെന്ന് അവകാശപ്പെടുമ്പോഴും, കടുത്ത പോരാട്ടം നടന്ന ആറ് സീറ്റുകളിലെ ഫലം ഭരണത്തുടർച്ചയിൽ നിർണായകമാകുമെന്നാണ് മൊത്തത്തിലുള്ള വിലയിരുത്തൽ

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: